കൊച്ചി: വരികയാണ് വൈദ്യുത ബസുകള്‍ കൊച്ചിയുടെ നിരത്തിലേക്ക്. സ്വകാര്യ ബസുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യത്തോടെ കൊച്ചി ഇ-ബസ് ലിമിറ്റഡ് എന്ന കൂട്ടായ്മ രൂപവത്കരിക്കും.

നിലവില്‍ കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മെട്രോ ബസ് കമ്പനികളുടെ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കൊച്ചി മെട്രോയുടെ ഭാഗമായി സ്വകാര്യ ബസുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏഴ് കമ്പനികളുണ്ട്. 1,000 ബസുകളാണ് ഇവര്‍ക്ക് കീഴിലുള്ളത്. 

ഇവരെല്ലാം വൈദ്യുത ബസ് എന്ന ആശയത്തെ പിന്താങ്ങുന്നുണ്ടെന്ന് ബസ് കൂട്ടായ്മകളിലൊന്നായ കൊച്ചി വീല്‍സ് യുണൈറ്റഡിന്റെ പ്രതിനിധി കെ.എം. നവാസ് പറഞ്ഞു. കൊച്ചി ഇ-ബസ് ലിമിറ്റഡ് രൂപവത്കരണത്തിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സി.ഇ.ഒ.യെ നിയമിച്ചു. സര്‍ക്കാര്‍ പിന്തുണയോടെ സിയാല്‍ മാതൃകയിലുള്ള കമ്പനിയാണ് ഉദ്ദേശിക്കുന്നത്. 

തുടക്കത്തില്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകും. ശേഷിക്കുന്ന ഓഹരി ബസ് കൂട്ടായ്മയുടെ കൈവശമായിരിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) സഹായത്തോടെ ഇലക്ട്രിക് ബസ് നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങി. 

പദ്ധതി നടപ്പായാല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ ബസുകള്‍ക്കു പകരം ഇലക്ട്രിക് ബസുകളെത്തും. പുതിയ നയമനുസരിച്ച് വൈദ്യുത ബസിലേക്കുള്ള മാറ്റം സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് നവാസ് പറഞ്ഞു.

ചെലവ് ഒന്നരക്കോടി

ഒരു വൈദ്യുത ബസിന് ഒന്നരക്കോടിയോളം രൂപ ചെലവു വരുമെന്ന് നവാസ് പറഞ്ഞു. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ശരാശരി 35 ലക്ഷം രൂപയാണ് വില. വൈദ്യുത ബസിനായി വലിയ തുക മുടക്കാന്‍ ബസ്സുടമകള്‍ക്ക് കഴിയില്ല. അതിനാലാണ് കൂട്ടായ്മയെക്കുറിച്ച് ചിന്തിച്ചത്. ബസിനുള്ള തുക കൊച്ചി ഇ-ബസ് ലിമിറ്റഡിന്റെ പേരില്‍ വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   

നേട്ടങ്ങള്‍

  • ഇന്ധനച്ചെലവ് ലാഭിക്കാം
  • വരുമാന വര്‍ധന
  • പരിസ്ഥിതി സൗഹൃദം
  • ബസുകള്‍ ഒരുമിച്ച് വാങ്ങുന്നതും ലാഭമാണ്. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ ഇനത്തിലെല്ലാം വിലക്കുറവ് കിട്ടും

Content Highlights; kochi electric bus service to begin soon