പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഫറോക്ക് ചുങ്കത്ത് സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഒരുങ്ങി. ചുങ്കം ഐമാക്സ് ടവറിന്റെ മുകള്‍നില വാടകയ്‌ക്കെടുത്താണ് ഓഫീസ് സജ്ജീകരിക്കുന്നത്. 4,000 ചതുരശ്രയടി സൗകര്യമുണ്ട്. കംപ്യൂട്ടറുകളും ഫര്‍ണിച്ചറും എത്തിക്കലും വൈദ്യുതീകരണം നടത്തലും ഉള്‍പ്പെടെ ഓഫീസ് മോടിപിടിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചുവരുന്നു.
ഈ മാസം 29-ന് മുഖ്യമന്ത്രി പിണറായിവിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനംചെയ്യുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും തീയതി നീളുമെന്നാണ് സൂചന. ഓഫീസ് തുറക്കുന്നതോടെ ഡ്രൈവിങ് ലൈസന്‍സ്, ബാഡ്ജ്, ടാക്സ്, പെര്‍മിറ്റ്, ആര്‍.സി. ട്രാന്‍സ്ഫര്‍, പിഴയടയ്ക്കല്‍, വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഫിറ്റ്നസ് പരിശോധന തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാവും.
ജോയന്റ് ആര്‍.ടി.ഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ ഏഴ് ഉദ്യോഗസ്ഥരാണ് ഓഫീസിലുണ്ടാവുക. കെ.എല്‍. 85 ആണ് ഇവിടേക്കനുവദിച്ച രജിസ്ട്രേഷന്‍ നമ്പര്‍. ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ കോഴിക്കോട് ഓഫീസിലെ തിരക്ക് കുറയാനും കാരണമാവും.
പ്രദേശത്തെ വാഹനപ്പെരുപ്പവും സേവനങ്ങള്‍ക്കായി കോഴിക്കോട് ഓഫീസിലേക്ക് പോവേണ്ടതിന്റെ ബുദ്ധിമുട്ടും കാണിച്ച് വി.കെ.സി. മമ്മദ്കോയ എം.എല്‍.എ. സര്‍ക്കാരിനു ആര്‍.ടി. ഓഫീസിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2019 ഫെബ്രുവരിയിലെ മന്ത്രിസഭായോഗം ഇതുള്‍പ്പെടെ ഏഴ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ക്കാണ് അനുമതി നല്‍കിയത്.
രാമനാട്ടുകരയാണോ ഫറോക്കാണോ
ഫറോക്ക് റീജണല്‍ ആര്‍.ടി. ഓഫീസ് എന്നാണോ രാമനാട്ടുകര ഫറോക്ക് റീജണല്‍ ആര്‍.ടി. ഓഫീസ് എന്നാണോ ഓഫീസ് അറിയപ്പെടുന്നത് എന്ന് പലര്‍ക്കും സംശയമുണ്ട്. പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകളും നടന്നിരുന്നു.
ഫറോക്ക് എന്നാണ് തുടക്കത്തില്‍ അധികൃതര്‍ വിശേഷിപ്പിച്ചിരുന്നത് എങ്കിലും വിജ്ഞാപനം പുറത്തുവന്നപ്പോള്‍ അതില്‍ 'രാമനാട്ടുകര (ഫറോക്ക്)' ആര്‍.ടി. ഓഫീസ് എന്നാണുള്ളത്. കോഴിക്കോട് ആര്‍.ടി. ഓഫീസിനു കീഴിലുള്ള രാമനാട്ടുകര, കരുവന്‍തിരുത്തി, ഫറോക്ക്, ചെറുവണ്ണൂര്‍, ബേപ്പൂര്‍, പന്തീരാങ്കാവ്, ഒളവണ്ണ, പെരുമണ്ണ, കടലുണ്ടി എന്നീ വില്ലേജ് പ്രദേശങ്ങള്‍ രാമനാട്ടുകര ആര്‍.ടി. ഓഫീസിനു കീഴിലാവും.
Content Highlights: KL 85 Vehicle Registration In Feroke-Ramanattukara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..