രുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡു അടുത്തിടെ നടത്തിയ ബൈക്ക് യാത്ര ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ തന്നെ അതിലും വലിയ യാത്ര നടത്തിയതിന്റെ ത്രില്ലിലാണ് അദ്ദേഹം. തവാങ്ങിലൂടെയായിരുന്നു ഇത്തവണ യാത്ര. അതും ഓഫ് റോഡ് ഡ്രൈവ്.

കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജുവായിരുന്നു പേമാ ഖണ്ഡുവിന്റെ സഹയാത്രികന്‍. ഇന്ത്യ-ടിബറ്റ് അതിര്‍ത്തി പ്രദേശമായ തവാങ്ങിലെ മഞ്ഞുമലയിലൂടെയായിരുന്നു പൊളാരിസ് ആര്‍ഇസഡ്ആര്‍800-ല്‍ രണ്ട് മന്ത്രിമാരുടേയും യാത്ര. യാത്രയുടെ വീഡിയോ ഇരുവരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 15,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളിലൂടെ 107 കിലോമീറ്ററാണ് ഇരുവരും ഡ്രൈവ് ചെയ്തത്. അരുണാചല്‍ പ്രദേശ് ടൂറിസം വികസനത്തിനായാണ് ഇരുമന്ത്രിമാരും ഓഫ് റോഡ് റൈഡര്‍മാരായത്.

ടിബറ്റ്/ചൈന അതിര്‍ത്തിയിലൂടെ ഓഫ് റോഡ് റൈഡ് എന്ന ക്യാപ്ഷനില്‍ പേമാ ഖണ്ഡു വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ദീപാവലി ആഘോഷിക്കാനും സൈനികരെ കാണാനുമുള്ള യാത്ര എന്ന തലക്കെട്ടില്‍ കിരണ്‍ റിജിജുവും യാത്രയുടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ പൊളാരിസ് നിര്‍മിച്ച ഓള്‍ ടെറൈന്‍ വാഹനമായ RZR800-ല്‍ ആയിരുന്നു ഇവരുടെ യാത്ര. 760 സിസി ഫോര്‍ സ്‌ട്രോക്ക് ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

Content Highlights: Kiren Rijiju and Pema Khandu Off-Roading in an ATV at 15,600 ft in Tawang