കിയയുടെ നവി മുംബൈ ഷോറൂമില്‍ ഒന്നാം നിലയില്‍നിന്ന് നിലം പതിച്ച് പുതിയ സെല്‍റ്റോസ് എസ്.യു.വിയുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ഒന്നാംനിലയില്‍ കാര്‍ പ്രദര്‍ശനത്തിനായി പാര്‍ക്ക് ചെയ്യുമ്പോള്‍ ഷോറൂമിലെ എക്‌സിക്യൂട്ടീവ് അശ്രദ്ധമായി കൂടുതല്‍ ആക്‌സലറേറ്റര്‍ നല്‍കിയതാണ് അപകടത്തിന് കാരണം.

ഡ്രൈവറുടെ അശ്രദ്ധയില്‍ മുന്നോട്ടുനീങ്ങിയ കാര്‍ മുന്‍ഭാഗം പൂര്‍ണമായും ഗ്ലാസില്‍ തീര്‍ത്ത ഡീലര്‍ഷിപ്പിലെ ഗ്ലാസ് തകര്‍ത്ത് താഴേക്ക് പതിച്ചെന്നാണ് മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അപകട സമയം ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളു. അതേസമയം വീഴ്ചയില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗവും ഗ്ലാസും തകര്‍ന്നു. മുന്‍ഭാഗം ഇടിച്ച് കുത്തനെ നിന്ന കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് എടുത്തുമാറ്റിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

വീഴ്ചയില്‍ താഴെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Content Highlights; kia seltos falls off from first floor