കൊറിയന്‍ കമ്പനിയായ കിയയുടെ ആദ്യ മോഡലായ സെല്‍റ്റോസ് ആഗസ്റ്റ് 22ന് ഇന്ത്യയില്‍ പുറത്തിറങ്ങുകയാണ്. ജൂലായ് 15 മുതല്‍ വാഹനത്തിനുള്ള ഔദ്യോഗിക ബുക്കിങ് ആരംഭിക്കും. ഇതിന് മുന്നോടിയായി ആദ്യഘട്ടത്തില്‍ കിയ പ്രവര്‍ത്തനം ആരംഭിക്കുന്ന 35 ഡീലര്‍ഷിപ്പുകളുടെ വിവരങ്ങള്‍ ഓട്ടോകാര്‍ ഇന്ത്യ വെബ്‌സൈറ്റ് പുറത്തുവിട്ടു. ഇതില്‍ നാലെണ്ണം കേരളത്തിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് ഈ ഡീലര്‍ഷിപ്പുകള്‍. 

വിപണിയിലെത്തുന്നതിന് മുമ്പായി രാജ്യത്തുടനീളം 160 സിറ്റികളിലായി 265 ടച്ച്പോയന്റുകള്‍ ഒരുക്കുമെന്നും കിയ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ കമ്പനി ആരംഭിക്കും. ആദ്യ മോഡലായ സെല്‍റ്റോസ് മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ വകഭേദങ്ങളില്‍ ലഭ്യമാകുമെന്നാണ് സൂചന. GTK, GTX, GTX+ എന്നീ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളുമാണ് സെല്‍റ്റോസിനുണ്ടാവുക. 

മികച്ച സ്റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്പടിയോടെയാണ് കിയ സെല്‍റ്റോസ് വരുന്നത്. 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ്‌ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 

Source; Autocarindia

Content Highlights; Kia Motors India Dealership List Revealed