ന്യൂഡല്‍ഹി: ആരാധകര്‍ കാത്തിരുന്ന കിയയുടെ 'കാരന്‍സ്'  പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ വാഹനം കിയ അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ വാഹനം വിപണിയിലെത്തും. 

എസ്.യു.വിയുടെയും എം.പി.വിയുടെയും സവിശേഷതകളടങ്ങിയ വാഹനമാണ് കാരന്‍സ്. 4540 മില്ലിമീറ്റര്‍ ആണ് നീളം. വീതി 1800 മില്ലിമീറ്ററും. 1700 മിലിമീറ്റര്‍ ഉയരമുള്ള കാരന്‍സിന്റെ വീല്‍ബേസ് 2780 മിലിമീറ്ററാണ്. ഈ സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന വീല്‍ബേസാണിത്. 195 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 

എസ്.യു.വി. ഭാവത്തിലുള്ള ഡിസൈനാണ് കാരന്‍സിന് കമ്പനി നല്‍കിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരന്‍സ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാല്‍ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തില്‍ കിയ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് കാരന്‍സിന്റെ ഏറ്റവും വലിയ സവിശേഷത. ബേസ് മോഡല്‍ മുതല്‍ എല്ലാ വാരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ ലഭ്യമാണ്. ഇതിനുപുറമേ മറ്റനേകം സേഫ്റ്റി ഫീച്ചറുകളും കിയയുടെ പുതിയ വാഹനത്തിലുണ്ട്.

കിയ മോട്ടോഴ്സിന്റെ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമിലാണ് കാരന്‍സ് ഒരുക്കിയിരിക്കുന്നത്. ബോള്‍ഡ് ഡിസൈനിലുള്ള എക്സ്റ്റീരിയര്‍, ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം സ്മാര്‍ട്ട് കണക്ടിവിറ്റി ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. 

10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകര്‍ഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനുമുണ്ട്. ഡോര്‍ പാഡുകളില്‍ ക്രോം ഗാര്‍ണിഷുകള്‍ നല്‍കിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയര്‍ ലിവര്‍, സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ സെല്‍റ്റോസിനും സോണറ്റിനും സമാനമായതാണ് കാരന്‍സിലും നല്‍കിയിട്ടുള്ളത്. 

kia carens

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും.  6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലും വാഹനം ലഭ്യമാകും. 

കിയ മോട്ടോഴ്‌സ് ഏറ്റവുമാദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച സെല്‍റ്റോസ് എന്ന മിഡ്-സൈസ് എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് കാരന്‍സും ഒരുങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായിയുടെ അല്‍കസാര്‍, മഹീന്ദ്ര എക്‌സ്.യു.വി.700, ടാറ്റ സഫാരി തുടങ്ങിയ എസ്.യു.വികളും ഇന്ത്യന്‍ എം.പി.വി. ശ്രേണിയുടെ മുൻനിരക്കാരിൽ ഒന്നായ എര്‍ട്ടിഗയോടും എക്സ്എൽ 6  -നോടും ഈ വാഹനം മത്സരിക്കും.

Content Highlights: kia carens unveiled kia carens malayalam kia carens price india kia carens news