തിറ്റാണ്ടുകളായി സ്വന്തമായി വാഹനമോ യാത്രാപ്പടിയോ നല്‍കാത്തതിനാല്‍ പ്രയാസമനുഭവിച്ചിരുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കും വാഹനമാകുന്നു. ഓഫീസര്‍മാര്‍ക്ക് ഇരുചക്രവാഹനം നല്‍കാനായി വര്‍ഷങ്ങളായി നടക്കുന്ന ആലോചന ഒരുപടികൂടി കടന്നിരിക്കുകയാണ്. ഇലക്ട്രിക് കാര്‍ നല്‍കാനാകുമോയെന്ന പരിശോധനയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആരംഭിച്ചിട്ടുള്ളത്.

സര്‍ട്ടിഫിക്കറ്റുകള്‍ക്കും പ്രകൃതിദുരന്ത സമാശ്വാസത്തിനും നികുതിയടവിനുമെല്ലാം ജനം ഓടിയെത്തുന്ന വില്ലേജില്‍ ഓഫീസര്‍മാര്‍ക്ക് പല ആവശ്യത്തിനും യാത്ര ആവശ്യമാണെങ്കിലും ഇപ്പോഴും വാഹനമില്ല. യാത്രാബത്തയായി നല്‍കുന്നത് പ്രതിമാസം 350 രൂപമാത്രം. സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളിലും ഇരുചക്ര-നാലുചക്ര വാഹനങ്ങളായിട്ടും ഇവര്‍ക്കുമാത്രം വാഹനമില്ലാത്ത പ്രയാസത്തിന് അറുതിവരുത്താന്‍ 2011-ല്‍ റവന്യൂവകുപ്പ് ശ്രമംനടത്തിയിരുന്നു. 

എന്നാല്‍ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് തടസ്സം നില്‍ക്കുകയായിരുന്നു. പലപ്പോഴും ആവശ്യക്കാര്‍ കൊണ്ടുവരുന്ന വാഹനത്തില്‍ ഓഫീസര്‍ പോകേണ്ടിവരുന്നതിനും അഴിമതി വ്യാപകമാകുന്നതിനും ഈ പ്രശ്നം വഴിവെക്കുകയും ചെയ്തിരുന്നു. പുതിയ റവന്യൂ മന്ത്രി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാന ആവശ്യമായി ഉയര്‍ന്നുവന്ന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്നാണ് വാഹനം അനുവദിക്കുന്നതിനുള്ള വിവരശേഖരണം കമ്മീഷണര്‍ ആരംഭിച്ചിട്ടുള്ളത്.

വില്ലേജ് ഓഫീസുകളില്‍ ഉപയോഗിക്കാന്‍ ഇലക്ട്രിക് കാര്‍ അനുയോജ്യമാണോയെന്നും ഒരു വാഹനം അടുത്തടുത്തുള്ള മൂന്നോ നാലോ ഓഫീസുകള്‍ക്കു മാറി മാറി ഉപയോഗിക്കാനാകുമോയെന്നുമാണ് അന്വേഷിക്കുന്നത്. ഇതിനായി വില്ലേജിന്റെ വിസ്തൃതി, ജനസംഖ്യ, ഭൂമിശാസ്ത്രപരമായ ഘടന എന്നിവ പരിശോധിച്ച് തിങ്കളാഴ്ച മൂന്നുമണിക്കകം റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍മാര്‍ നല്‍കണമെന്നാണു നിര്‍ദേശം. വാഹനം നല്‍കിയാല്‍ മാറി മാറി ഉപയോഗിക്കുന്ന വില്ലേജുകളുടെ പട്ടിക താലൂക്കടിസ്ഥാനത്തില്‍ ഇതില്‍ ചേര്‍ക്കണം.

ഇത്തരത്തില്‍ ഒരു ജില്ലയില്‍ എത്ര വാഹനം വേണ്ടിവരുമെന്നു കണ്ടെത്തി സംസ്ഥാനത്താകെ വേണ്ട വാഹനങ്ങളുടെ എണ്ണവും സാമ്പത്തികബാധ്യതയും കണ്ടെത്താനാണു ശ്രമം. ഇന്ധനവില അനുദിനം വര്‍ധിക്കുമ്പോള്‍ അത്തരം വാഹനങ്ങള്‍ നല്‍കിയാല്‍ ആയിനത്തിലും വലിയ ബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടി വരുമെന്നതിനാലാണ് താരതമ്യേന ചെലവുകുറഞ്ഞ ഇലക്ട്രിക് കാറെന്ന ആശയം മുന്നോട്ടുവെച്ചിട്ടുള്ളത്.

Content Highlights: Kerala Village Offices To Get Electric Cars For Their Uses