എല്‍.പി.ജി. ഉപയോഗിച്ച് ഏറ്റവുമധികം ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് കേരളത്തിലാണെന്ന് രത്‌നഗിരി റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ബി. അശോക് പറഞ്ഞു. ആദ്യത്തെ എല്‍.പി.ജി. സ്റ്റേഷന്‍ കൊച്ചിയിലാണ് തുടങ്ങിയത്. ഇന്ന് ഒട്ടേറെ സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്.

അന്തരീക്ഷമലിനീകരണം ഒഴിവാക്കാന്‍ സഹായകമാണ് എല്‍.പി.ജി. ഇന്ധനം ഉപയോഗിച്ചുള്ള വാഹനം ഓടിക്കല്‍. ഇപ്പോള്‍ എല്‍.പി.ജി. ഓട്ടോകള്‍ കര്‍ണാടകയിലും സുലഭമാണ്. കോയമ്പത്തൂരില്‍ രണ്ടുദിവസമായി നടന്നുവരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 'ദേശീയ കോണ്‍ക്ലേവ്-2020'ന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓട്ടോനിരക്ക് നിബന്ധന കര്‍ശനമാക്കിയതോടെ യാത്രക്കാരുടെ ഓട്ടോ ഉപയോഗം വര്‍ധിച്ചതായും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഡയറക്ടര്‍ ഡോ. എസ്.എസ്.വി. രാമകുമാര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

വിവിധ വ്യവസായങ്ങളിലും എല്‍.പി.ജി. ഗ്യാസ് ഉപഭോഗം വര്‍ധിപ്പിച്ചതായി ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. പാണ്ഡെ വ്യക്തമാക്കി. ഗ്‌ളാസ് ഗ്ലോവിങ് വ്യവസായത്തിലും ഓട്ടോമൊബൈല്‍ വ്യവസായത്തിലും ഉയര്‍ന്ന നിലവാരമുള്ള എല്‍.പി.ജി.യാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം അന്തരീക്ഷമലിനീകരണം ഒഴിവാക്കുന്നവയാണ്.

Content Highlights: Kerala Ranks First In Use Of Gas Auto, LPG Auto, CNG Vehicle