നടുവൊടിഞ്ഞ്, തകര്‍ന്നടിഞ്ഞ് ബസ് സര്‍വീസ്; കൂലിക്ക് പോലും തികയാതെ കളക്ഷന്‍


കാസര്‍കോട് ജില്ലയില്‍ ആകെ നാനൂറോളം ബസ്സുകളുണ്ട്. ഞായറാഴ്ച അറുപതോളം ബസ്സുകള്‍ റോഡിലിറങ്ങിയില്ല. പ്രവൃത്തിദിവസങ്ങളില്‍ മുപ്പതോളം ബസുകള്‍ ഓടുന്നില്ല.

യാത്രക്കാരെയും കാത്ത്....കൊറോണ പടരുന്ന സാഹചര്യത്തിൽ കാസർകോട്-മധൂർ സ്വകാര്യബസ്സിൽ പുറപ്പെടാൻ യാത്രക്കാരെ കാത്തിരിക്കുന്ന ഡ്രൈവർ ഷമ്മാസ്. കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽനിന്നുള്ള കാഴ്ച

കാസര്‍കോട്: കൊറോണ പേടിയില്‍ ബസ് വ്യവസായം കുത്തനെ താഴോട്ട്. യാത്രയ്ക്ക് ആളുകള്‍ സ്വയം നിയന്ത്രണം വെച്ചതോടെ സീറ്റുകള്‍ കാലി. നിരത്തിലിറക്കിയാല്‍ നഷ്ടം കൂടുന്ന അവസ്ഥ. '30-40 ശതമാനം വരുമാനം കുറഞ്ഞു. തൊഴിലാളികളുടെ കൂലി കൈയില്‍നിന്ന് കൊടുക്കേണ്ട സ്ഥിതിയാണ്' -കാസര്‍കോട്ടെ ബസ് മാനേജര്‍മാര്‍ പറയുന്നു.

തൊഴിലാളികളും ഇത് ശരിവെക്കുന്നു. ബസ് ഉടമകളെ മുതലാളിമാര്‍ എന്നു വിളിക്കുന്ന കാലം പോയി, നടത്തിപ്പുകാര്‍ എന്നേ പറയാനാകൂ എന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഗിരികൃഷ്ണന്‍. മറ്റ് തൊഴിലാളി യൂണിയന്‍ നേതാക്കളും ഇത് ശരിവെക്കുന്നു.

ശരാശരി 8000 രൂപ കളക്ഷന്‍ കിട്ടിയിരുന്ന ബസ്സിന് നാലുദിവസമായി 5000-6000 രൂപയേ കിട്ടുന്നുള്ളൂവെന്ന് ചട്ടഞ്ചാല്‍-മാങ്ങാട് ഉദുമ റൂട്ടിലോടുന്ന ഹക്കിം ബസ്സിന്റെ കണ്ടക്ടര്‍. 'കൊറോണ പേടിച്ച് ആളിറങ്ങുന്നില്ല. ഞങ്ങളുടെ കമ്പനിക്ക് ആറ്് ബസ് ഉണ്ടായിരുന്നതില്‍ ഒന്ന് കഴിഞ്ഞദിവസം ഓട്ടം നിര്‍ത്തി' -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജില്ലയില്‍ ആകെ നാനൂറോളം ബസ്സുകളുണ്ട്. ഞായറാഴ്ച അറുപതോളം ബസ്സുകള്‍ റോഡിലിറങ്ങിയില്ല. പ്രവൃത്തിദിവസങ്ങളില്‍ മുപ്പതോളം ബസുകള്‍ ഓടുന്നില്ല. കാസര്‍കോട് ബസ്സ്റ്റാന്‍ഡിന്റെ മൂലയില്‍ ഓടാനിറങ്ങിയിട്ടും ആളില്ലാത്തതിനാല്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകള്‍ കാണാം. 'ഇതിന്റെ എണ്ണം കൂടിവരും'' -സ്റ്റാന്‍ഡിലെ ഏജന്റുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിദ്യാര്‍ഥികളും ഇല്ലാതായതോടെ സ്റ്റാന്‍ഡില്‍ ആളനക്കം തീരെ കുറഞ്ഞു. സാധാരണ 600-700 പേരാണ് ഒരു ബസില്‍ ദിവസം ഉണ്ടാകുക. ഇതില്‍ 150-200 പേര്‍ വിദ്യാര്‍ഥികളായിരിക്കും. ചെറിയ പൈസയായിരുന്നെങ്കിലും അതും ബസ്സുകാര്‍ക്ക് വരുമാനമായിരുന്നു. കാലിയായി ഓടുന്നതിനെക്കാള്‍ മെച്ചം.

പ്രസിദ്ധമായ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതിചെയ്യുന്ന മധൂരിലേക്ക് ദിവസം 16 ട്രിപ്പ് സര്‍വീസ് നടത്തുന്ന ഒരു ബസ്സിന് തിങ്കളാഴ്ച രാവിലെ ഏഴുമണിയുടെ ട്രിപ്പിന് കേവലം 60 രൂപയാണ് കിട്ടിയത്. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് പൊതുവേ ആളുകള്‍ കുറവായിരുന്നു, പക്ഷെ, പെട്ടെന്ന് കുറയാനിടയാക്കിയത് കൊറോണ പേടി തന്നെയെന്ന് ബസ് ജീവനക്കാര്‍ സൂചിപ്പിക്കുന്നു.

നേരത്തെ വന്ന പ്രതിസന്ധി

അതേസമയം കൊറോണ ഒരു നിമിത്തം മാത്രമാണെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് വ്യക്തമാക്കുന്നു. എത്രയോ വര്‍ഷമായി ഈ മേഖല പ്രതിസന്ധിയിലാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ജില്ലയില്‍ 750-ലേറെ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നതാണ് ഇന്ന് നാനൂറിലേക്ക് താഴ്ന്നത്. ഒരു ബസ് ഒരുദിവസം നിരത്തിലിറക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 8000 രൂപ വേണം.

2500 രൂപ തൊഴിലാളികളുടെ ശമ്പളവും 5500 രൂപ എണ്ണപ്പൈസയും ടയര്‍ റീസോളിങ് ചാര്‍ജും മറ്റുമായി. വര്‍ഷം രണ്ട് സെറ്റ് ടയറെങ്കിലുമില്ലാതെ ഓടിക്കാനാകില്ല. നികുതി, ഇന്‍ഷുറന്‍സ് തുകകള്‍, മെയിന്റനന്‍സ് ചെലവും മറ്റ് അല്ലറ ചില്ലറ ചെലവും കണക്കിലെടുത്താല്‍ ഇതിലും കൂടുതല്‍ വരും. എല്ലാവരും രംഗം വിടുകയാണ്. പൊതുഗതാഗതസംവിധാനത്തെ ഇത് സാരമായി ബാധിക്കും. കാറും ഇരുചക്രവാഹനങ്ങളും വ്യാപകമായതോടെ ബസ്സിന് കാത്തുനില്‍ക്കുന്നത് ദരിദ്രര്‍ മാത്രമായി.

അവരെ മാത്രം കണക്കിലെടുത്ത് സര്‍വീസ് നടത്താനുമാകില്ല -അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കുറഞ്ഞ സീറ്റുകളുള്ള ബസ് ഓടിക്കുന്നതു പരിഹാരമല്ല. ഈ മേഖലയെ കറവപ്പശുവായി കാണുന്ന പ്രവണത ഒഴിവാക്കണം. എണ്ണവിലയും നികുതിയും ഇന്‍ഷുറന്‍സും മാത്രമല്ല, ടിക്കറ്റ് വിലയും സര്‍ക്കാര്‍ നിശ്ചയിക്കുന്നത് ബസ് വ്യവസായത്തില്‍ മാത്രമായിരിക്കും. മറ്റ് വ്യവസായങ്ങളില്‍ ഉത്പാദനച്ചെലവിന് ആനുപാതികമായി ഉടമ വില നിശ്ചയിക്കുന്നു. അന്താരാഷ്ടതലത്തില്‍ എണ്ണവില കുറഞ്ഞാലും ഇവിടെ കുറയ്ക്കില്ലെന്ന് വന്നാല്‍ രംഗം വിടുകയല്ലാതെ വഴിയില്ല -സത്യന്‍ വ്യക്തമാക്കുന്നു.

Content Highlights: Kerala Private Bus Services Facing Heavy Crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented