ഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുന്ന വീഡിയോ ഒടുവില്‍ കേരളാ പോലീസും പങ്കുവെച്ചിരിക്കുകയാണ്. തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപു എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പോലീസ് പങ്കുവെച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മൂന്ന് പേര്‍ ഒരു സ്‌കൂട്ടറില്‍ വരുന്നു. പെട്ടെന്ന് നടുറോഡില്‍ വെച്ച് തന്നെ ഈ സ്‌കൂട്ടര്‍ തിരിക്കുന്നു. സ്‌കൂട്ടറിന്റെ പിന്നിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയ ശേഷം ഒരാള്‍ പെട്ടെന്ന് ഓടി രക്ഷപ്പെടുകയും മറ്റൊരാള്‍ സ്‌കൂട്ടറില്‍ തൂക്കിയിട്ടിരുന്ന മാസ്‌ക് വെച്ച ശേഷം വളരെ നിഷ്‌കളങ്കമായി നടന്ന് പോകുന്നതുമാണ് വീഡിയോയിലുള്ളത്. 

ഇതില്‍ എന്താണ് കൗതുകം എന്ന് ചിന്തിക്കുന്നവര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്നത് ഇനിയാണ്. അല്‍പ്പ സമയത്തിന് ശേഷം ഒരു പോലീസ് ജീപ്പ് പിന്നാലെ വരുന്നിടത്താണ് എന്തിനാണ് തിരക്കിട്ട് സ്‌കൂട്ടര്‍ തിരിച്ചതെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ സ്ഥലം കാലിയാക്കിയതെന്നും മനസിലാകുന്നത്. മാസ്‌ക് വെച്ച് നടന്ന് പോകുന്നയാളുടെ സമീപത്ത് ജീപ്പ് നിര്‍ത്തുന്നത് വരെയാണ് വീഡിയോയിലുള്ളത്. 

35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. ദൃശ്യങ്ങള്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദവും പിന്നണിയില്‍ നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതാണ് നല്ല നടപ്പ്, മാസ്‌ക് വയ്ക്കാന്‍ കാണിച്ച ആ മനസ് നമ്മള്‍ കാണാതെ പോകുരുത് തുടങ്ങി രണ്ടായിരത്തോളം കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ എത്തിയിട്ടുള്ളത്.

Content Highlights: Kerala Police Share Awareness Video On Facebook