തലയോലപ്പറമ്പ്: പ്രളയത്തില്‍ മുങ്ങിയ നാടിന് കൈത്താങ്ങേകാന്‍ വടയാര്‍ അമാന്‍ മന്‍സീന്‍ അജ്മല്‍ ഇറങ്ങിത്തിരിച്ചത് സ്വന്തം വാഹനവുമായിട്ടായിരുന്നു. വടയാറിലെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ടിപ്പര്‍ ലോറി കേടായതോടെ അജ്മല്‍ പ്രതിസന്ധിയിലുമായി. ജീവിത വരുമാനം നിലച്ച ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഒടുവില്‍ പോലീസിന്റെ സഹായഹസ്തം.

സ്വന്തം സ്ഥലമായ കായംകുളത്തുനിന്ന് വടയാറില്‍ വാടക വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. വാഹനം നന്നാക്കാന്‍ വര്‍ക്ക്ഷോപ്പില്‍ എത്തിച്ചപ്പോഴാണ് ഇതിന്റെ എന്‍ജിനില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് അറിയുന്നത്. നന്നാക്കാന്‍ പണമില്ലാതെ ആയതോടെ ടിപ്പര്‍ റോഡരികിലായി.

വാടകയിനത്തില്‍ ടിപ്പറിന് കിട്ടിയ 13,500 രൂപയില്‍ പതിനായിരം രൂപയുടെ ഇന്ധനം അടിച്ചു. സംഭവം സംബന്ധിച്ച് ജില്ലാകളക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് അപേക്ഷ നല്കിയിരുന്നു.

നാളുകളായി റോഡരികില്‍ കിടക്കുന്ന ടിപ്പര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജ്മലിനെ സഹായിക്കാന്‍ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാര്‍ തീരുമാനിച്ചത്. ഒരോരുത്തതും കഴിയുന്നത്ര പണം നല്കി. എസ്.ഐ.ഷെമീര്‍ഖാന്റെ നേതൃത്വത്തില്‍ പണം സ്വരൂപിച്ചു. ശേഷിക്കുന്ന പണംകൂടി കണ്ടെത്തിയെങ്കില്‍ മാത്രമേ ഷെമീറിന് വാഹനം നന്നാക്കി നിരത്തിലിറക്കാനാകു.