കേരള പോലീസിന്റെ വാഹനവ്യൂഹത്തിലേക്ക് 202 പുതിയ ബൊലേറൊ എസ്‌യുവികള്‍ എത്തി. സംസ്ഥാനത്തുടനീളമുള്ള വിവിധ സ്‌റ്റേഷനുകളിലേക്കായി എത്തിയ വാഹനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിലിറക്കി. എസ് ആന്‍ഡ് എസ് മഹീന്ദ്രയുടെ സര്‍വീസ് ജനറല്‍ മാനേജര്‍ ജി. സുരേഷ്, എച്ച്ആര്‍ മാനേജര്‍ ബി.വേണുഗോപാല്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് താക്കോല്‍ കൈമാറി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാഹനങ്ങളുടെ താക്കോല്‍ നല്‍കി. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ പങ്കെടുത്തു.
മഹീന്ദ്ര ബൊലേറൊയുടെ ടൂ വീല്‍ ഡ്രൈവ് എസ്‌യുവികളാണ് പോലീസ് വാഹന വ്യൂഹത്തിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപ ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഒരു പോലീസ് സ്‌റ്റേഷനില്‍ രണ്ട് വാഹനങ്ങള്‍ വേണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് 202 വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളത്.
പത്ത് വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങള്‍ എല്ലാ സ്റ്റേഷനുകളില്‍ നിന്നും പിന്‍വലിക്കണമെന്നും പകരം ഈ സ്റ്റേഷനുകള്‍ക്ക് പുതിയ വാഹനം നല്‍കണമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
എസ് ആന്‍ഡ് എസ് മഹീന്ദ്രയുടെ സെയില്‍സ് മാനേജര്‍ ബീത്ത പ്രശാന്ത്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏരിയാ സര്‍വ്വീസ് മാനേജര്‍ എസ്.ശ്രീജിത്ത്, ഏരിയാ സെയില്‍സ് മാനേജര്‍ കാര്‍ത്തിക മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Kerala Police Get 202 Mahindra Bolero SUV For Their Vehicle Fleet