കാണുന്ന കാഴ്ചകളെല്ലാം സാമൂഹികമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്ന കാലമാണിത്. എന്നാൽ കാഴ്ചയ്ക്ക് പുറകിലെ യാഥാർത്ഥ്യം ആരും ചികയാറില്ലാത്തതിനാൽ കാഴ്ചയുടെ സത്യവും മിഥ്യയും തിരിച്ചറിയാനാവില്ല. എങ്കിലും ഈ കാലഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങളെ തീർത്തും ഒഴിവാക്കാനും കഴിയില്ല.
മികച്ച രീതിയിൽ ജനങ്ങളുമായി സംവദിക്കുന്ന സാമൂഹികമാധ്യമ പേജുകൾ നിരവധിയുണ്ട്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജും ഇത്തരത്തിൽ ഒന്നാണ്. പേജിന് അനുദിനം കിട്ടിക്കൊണ്ടിരിക്കുന്ന ലൈക്കുകളും കമൻറുകളും തന്നെയാണ് ഇതിന്റെ തെളിവ്. എന്നാൽ കഴിഞ്ഞദിവസം ഒഫീഷ്യൽ പേജിൽ വന്ന ഒരു വീഡിയോയെപ്പറ്റിയുള്ള തർക്കങ്ങൾ തുടരുകയാണ്.
കുതിരാനിലെ ജോണീസോട്ടം
ദേശീയപാത കുതിരാനിൽ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുമ്പോൾ സമീപത്ത് സർവീസ് റോഡിനായി ഏറ്റെടുത്ത മണ്ണിട്ട പാതയിലൂടെ കടന്നുവരുന്ന സ്വകാര്യബസ് ‘ജോണീസ്’ ആണ് ഈ വീഡിയോയിലെ നായകൻ. ദിവസങ്ങൾക്കുള്ളിൽ ഈ വീഡിയോ സൈബർലോകത്ത് ഹിറ്റായി. രാജാവ് എഴുന്നള്ളുന്നു, ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നു തുടങ്ങിയ ഹാഷ് ടാഗുകളിലൂടെ ദൃശ്യം പറന്നു.
‘007’ എന്ന ബസിന്റെ നമ്പറും ട്രോളുകാർ ആഘോഷമാക്കി. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോയുടെ അനുബന്ധമായി മറ്റൊരു വീഡിയോ കൂടി ഉൾപ്പെടുത്തി കേരള പോലീസ് ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. അപകടകരമായ രീതിയിൽ വന്ന ഈ ബസ് ഒരു കാറിൽ ഇടിച്ചതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്ന വീഡിയോയാണ് കൂട്ടിച്ചേർക്കപ്പെട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഈ വീഡിയോയും ഹിറ്റായി. ഇതിനു പുറകെയാണ് ഈ വീഡിയോയെ എതിർത്തുകൊണ്ട് നിരവധിപേർ രംഗത്തെത്തിയത്.
പോലീസിന്റെ വിശദീകരണം
‘‘അപകടകരമായ രീതിയിൽ ഓടിച്ചുവന്ന ബസ് ആ യാത്രയിൽ തന്നെയാണ് മറ്റൊരു കാറിൽ ഇടിച്ചതും അതിന് പോലീസ് കേസെടുത്തിട്ടുള്ളതും. പൊതുജനങ്ങളുടെ ജീവൻ വെച്ചുള്ള ഇത്തരം അപകടകരമായ അഭ്യാസങ്ങൾ ഒഴിവാക്കണമെന്ന് സന്ദേശം നൽകുക എന്ന ഉദ്ദേശ്യം മാത്രമാണ് ഈ പോസ്റ്റിനു പിന്നിൽ’’- വീഡിയോക്ക് താഴെ പോലീസിന്റെ ആദ്യ കമൻറാണിത്.
ബസ് കഥയ്ക്ക് പിന്നിലെ യാഥാർത്ഥ്യം
സെപ്റ്റംബർ 15-നാണ് കാറുമായി കൂട്ടിയിടിച്ച ബസ് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കുതിരാൻ അമ്പലത്തിനു സമീപത്ത് കാർ ബസിന് പുറകിലിടിച്ചാണ് അപകടം. ബസ് ജീവനക്കാരും കാറുടമയും സന്ധിസംഭാഷണം നടത്തിയെങ്കിലും നഷ്ടപരിഹാരത്തുക നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ തൃശ്ശൂർ സ്വദേശിയായ എ.എൻ. സഞ്ചാരി (അജിൽ) തന്റെ യൂട്യൂബ് ചാനലായ എക്സ്ട്രീം റോഡ്സ് ലൈവ് എന്ന ചാനലിനായി പകർത്തിയ ദൃശ്യമായിരുന്നു ആദ്യത്തേത്. ദൃശ്യം സെപ്റ്റംബർ ഒമ്പതിന് യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ബസ് നിരതെറ്റി ഓടുന്ന ദൃശ്യം വഴുക്കുംപാറയിൽ നിന്നാണ് പകർത്തിയത്. അതായത് അപകടമുണ്ടായതിന്റെ ആറു ദിവസം മുൻപാണ് വാഹനം നിര തെറ്റിച്ച് ഓടിയത്. ഒരാഴ്ച വ്യത്യാസത്തിൽ രണ്ടിടത്ത് നടന്ന ഈ രണ്ടു സംഭവങ്ങളും ഒന്നാണ് എന്ന് തെറ്റിദ്ധാരണ ഉണ്ടാക്കുംവിധമാണ് കേരള പോലീസ് ഓഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്തത്.
വാദപ്രതിവാദങ്ങൾ
പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ഇതിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയത്. ലൈക്കിനു വേണ്ടി ഇങ്ങനെ തരംതാഴാമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്.
ചിലർ തങ്ങളുടെ കമന്റ് ‘പോസ്റ്റ് മുതലാളി’ മുക്കി എന്ന പരാതിയുമായും കളം നിറയുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും നിർദേശങ്ങളും കൂടി ഈ വീഡിയോയുടെ താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുതാര്യമായും വിശ്വാസയോഗ്യമായും ജനങ്ങളോട് ഇടപെട്ടുകൊണ്ടിരുന്ന കേരള പോലീസിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിന്റെ വിശ്വാസ്യതയ്ക്ക് സംഭവം ചെറിയ മങ്ങലേൽപ്പിച്ചു എന്ന് പറയാതെവയ്യ.