കേരളത്തിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനം എന്ന സ്ഥാനം അംബാസിഡറില്‍ നിന്ന് കൈമാറ്റം ചെയ്ത് കിട്ടിയത് ടൊയോട്ടയുടെ ഇന്നോവയ്ക്കും പിന്നീട് ഇന്നോവ ക്രിസ്റ്റയ്ക്കുമാണ്. മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളിലും ഈ ജാപ്പാനീസ് കരുത്തന്‍ തന്നെയാണ് താരം. തൂവെള്ള നിറത്തിലുള്ള ഔദ്യോഗിക വാഹനവും അകമ്പടി വാഹനവുമെന്ന കീഴ്‌വഴക്കം തെറ്റിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിലേക്ക് നാല് കറുത്ത ഇന്നോവ ക്രിസ്റ്റ എത്തിയിരിക്കുകയാണ്. 

മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയായിരുന്നു വാഹനത്തിന്റെ നിറംമാറ്റം സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കറുത്ത നിറത്തിലുള്ള ക്രിസ്റ്റ എത്തിയിരിക്കുന്നത്. നാല് വാഹനങ്ങളാണ് ഇതിനായി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റ് വാഹനവും എസ്‌കോര്‍ട്ട് വാഹനവും വാങ്ങുന്നതിനായി പോലീസിന് പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ മാസത്തിലാണ് ഇതിനായി 62.46 ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 

ആദ്യഘട്ടത്തില്‍ മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാല് ക്രിസ്റ്റകളാണ് എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിന്റെ വരവോടെ പഴയ രണ്ട് വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ നിന്ന് നീക്കിയേക്കും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ നീക്കി പകരം പുതുതായി വാങ്ങിയ രണ്ടെണ്ണം നല്‍കാനാണ് പോലീസ് ഒരുങ്ങുന്നത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണ് നീക്കുന്നതെന്നാണ് സൂചന.

കെ.എല്‍. 01 സി.ഡി 4764, കെ.എല്‍. 01 സി.ഡി 4857 എന്നീ രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള ടൊയോട്ട ഇന്നോവ വാഹനങ്ങളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. ഈ വാഹനങ്ങളാണ് കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ മാറ്റണമെന്ന് സര്‍ക്കാരിനോട് പോലീസ് മേധാവി ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വാഹനങ്ങളുടെ കാര്യം പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.

15 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഏറ്റവും ജനപ്രീയുള്ള എം.പി.വിയാണ് ജാപ്പാനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ. ക്വാളീസ് നിരത്തൊഴിഞ്ഞതോടെ 2005-ലാണ് ഇന്നോവയുടെ അരങ്ങേറ്റം. പത്ത് വര്‍ഷത്തോടെ വിജയകുതിപ്പിന് ശേഷം 2016-ലാണ് ഇന്നോവ ക്രിസ്റ്റ എത്തുന്നത്. ഇന്നോവയില്‍ നിന്ന് ഏറെ ഡിസൈന്‍ മാറ്റങ്ങളും ഫീച്ചര്‍ സമ്പന്നവുമായാണ് ഇന്നോവ ക്രിസ്റ്റ എന്ന എം.പി.വി. വിപണിയില്‍ എത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2020-ല്‍ ഈ വാഹനം മുഖംമിനുക്കലിനും വിധേയമായിരുന്നു.

2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍. പെട്രോള്‍ മോഡലുകള്‍ക്ക് 17.18 ലക്ഷം മുതല്‍ 23.14 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 18.06 ലക്ഷം മുതല്‍ 24.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

Content Highlights: kerala police buy four innova crysta for chief minister vehicle convoy, Pinarayi Vijayan