കാക്കനാട്: ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ഉടമകള്‍ക്കു പരിശീലനം നല്കി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. കൃത്യമായ പരിശീലനവും യോഗ്യതയുമില്ലാത്ത ഇന്‍സ്ട്രക്ടര്‍മാരെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഡ്രൈവിങ് സ്കൂള്‍ ഇന്സ്ട്രക്ടര്മാരെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള യു.എന്‍. ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി പരിശീലന പദ്ധതി നടപ്പാക്കാനാണ് വകുപ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കു പരിശീലനം നല്‍കുന്നതിലൂടെ ഡ്രൈവിങ്ങിന്റെ നിലവാരം ഉയര്‍ത്തുക, ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കു കൃത്യമായ യോഗ്യതകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക, ഇവരെ റോഡ് സുരക്ഷയുടെ പ്രചാരകരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശീലന പദ്ധതി.
പരിശീലനത്തിനു വരുന്നവരെ കൗണ്‍സില്‍ ചെയ്യുക, വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രണവും ബാലന്‍സും സംബന്ധിച്ചു കൃത്യമായി വിശദീകരിക്കുക, റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പഠിപ്പിക്കുക, ഡ്രൈവറുടെ മാനസിക നില എന്നിങ്ങനെ നാലു ഘട്ടങ്ങളിലുള്ള സിലബസാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കൂടാതെ ഡ്രൈവിങ് സ്കൂള്‍ പരിശീലകരുടെ യോഗ്യതയും കര്‍ശനമാക്കും. ഡ്രൈവിങ് പരിശീലനം നല്‍കുന്നവര്‍ക്ക് ഓട്ടോമൊൈബലിലോ, മെക്കാനിക്കലിലോ ഐടിഐയോ, ഡിപ്ലോമയോ വേണമെന്നും വാഹനം ഓടിച്ച് അഞ്ചു വര്‍ഷത്തെയെങ്കിലും പരിചയം വേണമെന്നുമാണ് നിര്‍ദേശം.