കാക്കനാട്: വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും യാത്രാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍-സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് വിദഗ്ധരും പരിശീലനം നേടിയവരുമായ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇവ ലഭ്യമാകുന്ന വിധത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും സ്വകാര്യ ബസുകളിലും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ മാത്രമേ നിയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. പരിചയസമ്പന്നര്‍, കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഡ്രൈവര്‍മാര്‍ എന്നിവരുടെ പേര്, ലൈസന്‍സ് നമ്പര്‍, ബാഡ്ജ് നമ്പര്‍ തുടങ്ങിയ വിശദ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 

സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നതിന് പത്ത് വര്‍ഷത്തെ പരിചയമുള്ളതോ, അഞ്ചു വര്‍ഷത്തെ ഹെവി വെഹിക്കിള്‍ പരിചയമുള്ളതോ ആയ ഡ്രൈവര്‍മാരെ ലഭിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഒന്നോ, രണ്ടോ ബസ് മാത്രമുള്ള പ്രദേശത്ത് സര്‍വീസ് നടത്തുന്ന ബസ് ഉടമകള്‍ക്ക് ഡ്രൈവര്‍മാരെ കിട്ടാത്തതുമൂലം സര്‍വീസ് കൃത്യമായി നടത്താന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ബസ് ഉടമകളും പറയുന്നു.

അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഡേറ്റ ബാങ്കും വാഹനവകുപ്പ് തയ്യാറാക്കുന്നുണ്ട്. നിലവില്‍ ഒരു വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിയാല്‍ ഉടമയുടെ പേരും വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ് സൈറ്റില്‍ നിന്നു ലഭിക്കും. ഇതിന് പുറമെ വാഹനം അപകടത്തില്‍പ്പെട്ടതാണോ എന്നുകൂടി തിരിച്ചറിയാന്‍ കഴിയുംവിധമാണ് ഈ ക്രമീകരണം.

നിലവില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്. അപകട മരണത്തിന് ഇടയാക്കിയിട്ടില്ലെങ്കില്‍ അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറും കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ടെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒയും വാഹനം പരിശോധിക്കും. 

അപകടത്തിലേക്ക് വഴിതെളിച്ച സാങ്കേതിക, മാനുഷിക കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുക. പോലീസ് മുഖേന റിപ്പോര്‍ട്ട് കോടതിയിലും എത്തും. ഇതിന്റെ ഒരു പകര്‍പ്പ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ സൂക്ഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികളാണ് വേഗത്തിലാക്കിയിട്ടുള്ളത്. മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളും ടിപ്പര്‍ ലോറികളും വരുത്തിവയ്ക്കുന്ന അപകടങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും.