ആലപ്പുഴ: ജഡ്ജിമാരും മജിസ്ട്രേറ്റുമാരും ഉള്‍പ്പെടുന്ന നീതിന്യായ ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തില്‍ 'കേരള സ്റ്റേറ്റ്' ബോര്‍ഡുവെക്കുന്നത് ഹൈക്കോടതി പൂര്‍ണമായി വിലക്കി. ഇത്തരം ബോര്‍ഡുവെച്ചിട്ടുള്ളവര്‍ അടിയന്തരമായി അതെടുത്ത് മാറ്റണം. നിര്‍ദേശം കൃത്യമായി നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന ഔദ്യോഗിക കത്ത് എല്ലാ കീഴ്‌ക്കോടതികള്‍ക്കും ലഭിച്ചു. കത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

  • മോട്ടോര്‍ വാഹനനിയമം അനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയ പദവിയിലുള്ളവര്‍ക്കുമാത്രമേ കേരള സ്റ്റേറ്റ് ബോര്‍ഡുവെക്കാന്‍ അവകാശമുള്ളൂ
  • ചില ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തില്‍ ഇത്തരം ബോര്‍ഡുവെക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് പാടില്ല.
  • ജഡ്ജിമാര്‍ അടക്കമുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ സ്ഥാനം കാണിക്കുന്ന ബോര്‍ഡ് കാറുകളില്‍ പ്രദര്‍ശിപ്പിക്കാം. നമ്പര്‍ ബോര്‍ഡ് മറയാതെ മുന്നിലും പിന്നിലും ബോര്‍ഡുവെക്കും
  • മജിസ്‌ട്രേട്ടുമാരോ ജഡ്ജിമാരോ കാറില്‍ യാത്രചെയ്യുമ്പോള്‍ മാത്രമേ ബോര്‍ഡുവെക്കാന്‍ പാടുള്ളൂ
  • യാത്ര ചെയ്യുന്നത് ജുഡീഷ്യല്‍ ഓഫീസര്‍മാരല്ലെങ്കില്‍ ഇത്തരം ബോര്‍ഡുകള്‍ നിര്‍ബന്ധമായും മാറ്റിവെക്കുകയോ മറയ്ക്കുകയോ വേണം
  • ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ബോര്‍ഡുവെച്ച കാറുകളില്‍ അവരുടെ കുടുംബാംഗങ്ങള്‍ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.