തൃശ്ശൂര്‍: കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിലെയും നിലവിലെ ഇടതുമുന്നണി സര്‍ക്കാരിലെയും മന്ത്രിമാര്‍ക്കുവേണ്ടി വാങ്ങിയത് 42 വാഹനങ്ങള്‍. ഇതിനായി ചെലവാക്കിയത് പത്തുകോടിയോളം രൂപ.

യു.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാര്‍ക്കായി 23 വാഹനങ്ങള്‍ വാങ്ങാന്‍ മുടക്കിയത് 3,05,63,045 രൂപ. അഞ്ചുവര്‍ഷം മാത്രം പഴക്കമുള്ള ഈ വാഹനങ്ങള്‍ ഒഴിവാക്കി പുതിയ 19 വാഹനങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമാര്‍ക്കായി വാങ്ങിയത്. ഇതടക്കം 35 വാഹനങ്ങള്‍ വാങ്ങാന്‍ 2017-ല്‍ വിനോദസഞ്ചാരവകുപ്പിന് അനുമതിനല്‍കുകയായിരുന്നു. ഇതിനായി ചെലവാക്കിയത് ആറുകോടി 78 ലക്ഷം രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം നേര്‍ക്കാഴ്ച മനുഷ്യാവകാശ സമിതി സെക്രട്ടറി പി.ബി. സതീഷിന് ലഭിച്ച രേഖകളില്‍ പറയുന്നു.

മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കും പുറമേ പ്രതിപക്ഷനേതാവ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കും പുതിയ വാഹനം അനുവദിച്ചു. ബാക്കിവന്ന 13 വാഹനങ്ങള്‍ വി.എസ്. അച്യുതാനന്ദന്‍, ആര്‍. ബാലകൃഷ്ണ പിള്ള എന്നിവര്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കുമായി നല്‍കി.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളില്‍ എട്ടെണ്ണം ടൂറിസം ഗാരേജിലാണെന്ന് വിവരാകാശ രേഖയില്‍ പറയുന്നു. ബാക്കിയുള്ളവ വിവിധ ഗസ്റ്റ് ഹൗസുകളിലേക്കു നല്‍കി. 

Content Highlights; kerala governments bought 42 new vehicles with in seven years