സുരക്ഷിത സവാരിയാകാം ഇന്ന് മുതല്‍ കേരള സവാരിയില്‍, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്ത് ഇതാദ്യം


സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്.

പ്രതീകാത്മക ചിത്രം | Photo: Social Media

ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കേരള സവാരി പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പാക്കാനും ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേരള സവാരി ആരംഭിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് കേരള സവാരി ഓണ്‍ലൈന്‍ ടാക്‌സി സേവനം ആരംഭിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരിയിലൂടെ ഉറപ്പാക്കും. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിലേത് പോലെ നിരക്കുകളിലെ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകില്ലെന്നാണ് കേരള സവാരി ഉറപ്പുനല്‍കിയിട്ടുള്ളത്. തിരക്കുള്ള സമയങ്ങളില്‍ മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഒന്നര ഇരട്ടി വരെ ചാര്‍ജ് വര്‍ധിപ്പിക്കുന്ന സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിന്റെ ഗുണം യാത്രക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ ലഭിക്കാറുമില്ല.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. കേരള സവാരിയില്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന തുക ഈ പദ്ധതിയുടെ നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് ആയി നല്‍കാനും മറ്റുമാണ് തീരുമാനം. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. ആപ്പ് സ്റ്റോറിലും വൈകാതെ ഇത് എത്തും.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുമായി ബന്ധപ്പെട്ട ഉയരുന്ന പ്രധാന പ്രശ്‌നം സുരക്ഷയുടേതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓണ്‍ലൈന്‍ സര്‍വീസ് ആയിരിക്കും കേരള സവാരിയെന്നാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. കേരള സവാരിയില്‍ അംഗമാകുന്ന ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും കൃത്യമായ പരിശീലനം നല്‍കുകയും ചെയ്യും.

അപകടമുണ്ടായാലോ അപകടസാധ്യത ശ്രദ്ധയില്‍പെട്ടാലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള പാനിക് ബട്ടണും ഈ ടാക്‌സികളില്‍ നല്‍കും. ഡ്രൈവര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രക്കാരനോ, യാത്രക്കാര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ ഡ്രൈവറോ അറിയില്ലെന്നതും പ്രത്യേകതയാണ്. ബട്ടണ്‍ അമര്‍ത്തിയാല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഓപ്ഷന്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് പോലീസ് കണ്‍ട്രോള്‍ റൂമില്‍ കണക്ട് ആകുകയും ചെയ്യും.

സബ്‌സിഡി നിരക്കില്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി നടപ്പാക്കും. ഇതിനായി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്. അത് വിലയിരുത്തിയ ശേഷം കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരസഭ പരിധികളിലും ഒരുമാസത്തിനുള്ളില്‍ കേരള സവാരി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: Kerala government starts India's first government owned online taxi service Kerala Savari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented