തിരുവനന്തപുരം: പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള വന്‍ പിഴ കുറയ്ക്കാനുള്ള സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍. കുറഞ്ഞ തുക പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മുമ്പുള്ളതിനെക്കാള്‍ പത്തിരട്ടിയോളം ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നീക്കം.

കുത്തനെ ഉയര്‍ത്തിയ പിഴയ്‌ക്കെതിരേ സിപിഎമ്മും കോണ്‍ഗ്രസും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ പിഴ ഈടാക്കിക്കൊണ്ട് റോഡ് നിയമം കര്‍ശനമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര നിയമത്തെ മറികടന്ന് നിയമ നിര്‍മാണത്തിലേക്ക് വന്നാല്‍ അതിന് രാഷ്ട്രപതിയുടെ അംഗീകരം വേണം. അതിനാല്‍ നിയമനിര്‍മാണത്തിലേക്ക് കടക്കാതെ പിഴ കുറച്ചുകൊണ്ട് നിയമം കര്‍ശനമാക്കാന്‍ സാധിക്കുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുക.

കേരളത്തിന് പുറമേ പഞ്ചാബ്, മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ബംഗാള്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും പുതിയ നിയമം നടപ്പാക്കുന്ന കാര്യം നീട്ടി വയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ പിഴ ശിക്ഷ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ആയിരം മുതല്‍ 25000 രൂപ വരെയാണ് വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ പിഴ വളരെ വേഗത്തില്‍ നടപ്പാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

Content Highlights; kerala government seeking possibility for avoid high traffic fines