വിവിധ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും കണക്കെടുപ്പ് തുടരുന്നു. വീല്‍സ് ഡേറ്റാബേസില്‍ സമര്‍പ്പിച്ച കണക്കുകള്‍പ്രകാരം ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ളത് പോലീസിനാണ്-5713 എണ്ണം. 2005 ഡ്രൈവര്‍മാരുമുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളിലെ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇതുവരെ ഉണ്ടായിരുന്നില്ല. ചില വകുപ്പുകള്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ അമിത താത്പര്യം കാട്ടുകയും ചെയ്തു. വാങ്ങിയ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായും വന്‍ തുക ചെലവഴിച്ചു. ഇവസംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിരുന്നുമില്ല. ഡ്രൈവര്‍ തസ്തികയില്‍ ചട്ടവിരുദ്ധമായി താത്കാലിക നിയമനങ്ങളും നടത്തിവന്നു.

ധനവകുപ്പിന് വന്‍ ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാന്‍ മുന്‍പ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വകുപ്പധികൃതര്‍ അവഗണിച്ചു. ഇതോടെയാണ് വാഹനങ്ങളുടെ കണക്കെടുക്കാന്‍ രണ്ടുവര്‍ഷംമുന്‍പ് ധനവകുപ്പ് തീരുമാനിച്ചത്. നിരവധിതവണ വാഹനവിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടും അവഗണന തുടര്‍ന്നു. ഇത് കണക്കിലെടുത്ത് ഈമാസം ആദ്യം ധനവകുപ്പ് 30-നകം കണക്ക് സമര്‍പ്പിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കുകയായിരുന്നു. 

30-നകം കണക്ക് നല്‍കാത്ത സ്ഥാപനങ്ങളുടെ വാഹനസംബന്ധമായ ചെലവുകള്‍ അംഗീകരിക്കില്ല. കര്‍ശന നടപടികള്‍ ഉറപ്പായതോടെ ഭൂരിഭാഗം വകുപ്പുകളും കണക്ക് വീല്‍സ് പോര്‍ട്ടലില്‍ സമര്‍പ്പിച്ചുതുടങ്ങി. ആരോഗ്യവകുപ്പ്-1247, അഗ്‌നിരക്ഷാസേന-753, വനം-വന്യജീവി വകുപ്പ്-601, എക്‌സൈസ്-251, മോട്ടോര്‍ വാഹനവകുപ്പ്-253, പഞ്ചായത്തുവകുപ്പ്-985 എന്നിങ്ങനെ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Content Highlights: Kerala government department vehicle and driver details, Number of government vehicles in kerala, Kerala Police