കെ.എസ്.ആർ.ടി.സി
15 വര്‍ഷം കാലാവധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ രജിസ്‌ട്രേഷന്‍ ഫിറ്റ്‌നെസ് പെര്‍മിറ്റ് എന്നിവ പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമക്കുരുക്കായേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം 15 വര്‍ഷം കഴിയുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇത് മറികടക്കാന്‍ 15 വര്‍ഷം പിന്നിട്ട 237 കെ.എസ്.ആര്‍.ടി.സി. ബസുകളുടെ കാലാവധി 2024 സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ വാഹനങ്ങളുടെ കാലാവധി നീട്ടുന്നതിന് സര്‍വീസ് ചാര്‍ജ്, ഫീസ്, ടാക്‌സ് എന്നിവ ഈടാക്കരുതെന്നു കാട്ടി കഴിഞ്ഞദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പരിവാഹന്‍ സോഫ്റ്റ്വേര്‍ വഴി ഫിറ്റ്‌നെസ് നല്‍കാനാകില്ല. ഇത് മാന്വലായി ചെയ്തുകൊടുക്കണമെന്നാണ് നിര്‍ദേശം. അപകട ഇന്‍ഷുറന്‍സ് അടക്കം ഈ വാഹനങ്ങള്‍ക്ക് ലഭിക്കില്ലെന്നാണ് ആശങ്ക.
അപകടങ്ങളുണ്ടായാല്‍ നിയമ പോരാട്ടത്തിലേക്ക് നീങ്ങുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നുമുള്ള ആശങ്കയും അവര്‍ക്കുണ്ട്. കാലപ്പഴക്കംമൂലം സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താനുള്ള അനുമതി റദ്ദാകുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നവംബര്‍ ആദ്യം ഒരുകൊല്ലംകൂടി 'ആയുസ്സ്' നീട്ടിനല്‍കിയിരുന്നു.
സൂപ്പര്‍ ക്ലാസ് ബസുകളുടെ നിലവിലെ അനുവദനീയമായ കാലപരിധി ഒന്‍പതുവര്‍ഷമാണ്. നേരത്തേ അഞ്ചുവര്‍ഷമായിരുന്ന കാലപരിധി രണ്ടുതവണ നീട്ടിയാണ് ഒന്‍പതുവര്‍ഷമാക്കിയത്. പുതിയ ഉത്തരവോടെ പത്തുവര്‍ഷംവരെ കാലപ്പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും.
Content Highlights: Kerala government decided to renew the registration of 15 year old ksrtc bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..