തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പും ഓണവും മുന്നില്‍ക്കണ്ട് വാഹനപരിശോധനയില്‍ ഇളവ് നല്‍കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതുസംബന്ധിച്ച വാക്കാല്‍ നിര്‍ദേശം പോലീസിനും മോട്ടോര്‍വാഹനവകുപ്പിനും നല്‍കി

നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴയ്‌ക്കെതിരേ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഇത് സംസ്ഥാന സര്‍ക്കാരിന് എതിരാകുമെന്ന ഭയമുണ്ട്. കേന്ദ്രനിയമഭേദഗതി സംസ്ഥാനം തിടുക്കത്തില്‍ നടപ്പാക്കിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സി.ഐ.ടി.യു.വാണ് ആദ്യം പരാതി ഉയര്‍ത്തിയത്. പിന്നീട് പാര്‍ട്ടിയിലും വിര്‍മശനമുണ്ടായി.

പിഴ ഉയര്‍ത്തിയതിന്റെ പേരിലുണ്ടായേക്കാവുന്ന ജനരോഷം തണുപ്പിക്കാനുള്ള ശ്രമമാണ് നിയമോപദേശം തേടല്‍. മിനിമം പിഴ കുറയ്ക്കാന്‍ കഴിയുമോ എന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലത്തിലെ ഉന്നതോദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് നടപടി. എന്നാല്‍, ഓരോ കുറ്റകൃത്യത്തിനും നിശ്ചയിച്ച മിനിമം പിഴയില്‍നിന്ന് കുറയ്ക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടാണ് നിയമവകുപ്പിനെ സമീപിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രനിയമ ഭേദഗതികളില്‍ പറയുന്ന മിനിമം തുക സ്വീകരിക്കുന്ന രീതിയാണ് ഇതുവരെ അവലംബിച്ചിരുന്നത്. നടപ്പാക്കിയ സംസ്ഥാനങ്ങളും ഇതേമാതൃകയാണ് തുടര്‍ന്നിട്ടുള്ളത്. എന്നാല്‍ പിഴ കാര്യമായി ഉയര്‍ത്തിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇത് കുറയ്ക്കാന്‍ നിയമപരമായി സാധ്യമാണോ എന്ന് പരിശോധിക്കാനാണ് ആവശ്യപ്പെടുന്നത്. ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.

Content Highlights; kerala government decided to concession for vehicle inspection