പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
വാഹനങ്ങള്‍ക്ക് ഭാരത് സീരിസ് (ബി.എച്ച് സീരിസ്) രജിസ്ട്രേഷന് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്കി. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നും ഇത് പരിഗണിക്കാതെ ബി.എച്ച്. സീരിസ് നടപ്പാക്കുന്നത് നിയമപരമായി തെറ്റാണെന്നുമാണ് അപ്പീലില്‍ പറയുന്നത്. പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാതെയാണ് ബി.എച്ച്. സീരിസ് രജിസ്ട്രേഷന് നടപ്പാക്കുന്നതെന്നും അപ്പീലില്‍ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
കാലടിയിലെ മേരിസദന്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബിബി ബേബി നല്കിയ ഹര്‍ജിയില്‍ വാഹനത്തിന് ബി.എച്ച്. സീരിസ് രജിസ്ട്രേഷന് നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി ബി.എച്ച്. രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയത്.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും, നാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും ബി.എച്ച്. രജിസ്ട്രേഷന് ആനുകൂല്യം കിട്ടും. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് മാറ്റാതെ കൊണ്ടുപോകാമെന്നതാണ് ഇതിന്റെ ഗുണമായി വിലയിരുത്തുന്നത്.
സംസ്ഥാനാന്തര രജിസ്ട്രേഷന് ഉടമയ്ക്ക് സ്വയം തിരഞ്ഞെടുക്കാം. സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമാണ് ഹാജരാക്കേണ്ടത്. ഐ.ടി. കമ്പനികള്‍, വന്‍കിട വ്യാപാരശൃംഖലകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നിലവിലെ വിജ്ഞാപനപ്രകാരം പുതിയ രജിസ്ട്രേഷന് അര്‍ഹതയുണ്ട്. രജിസ്ട്രേഷന്റെ വിജ്ഞാപനം വന്നെങ്കിലും ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് കേന്ദ്രം വ്യവസ്ഥകള്‍ ഇറക്കിയിട്ടില്ല.
ബി.എച്ച്. രജിസ്ട്രേഷനില്‍ രണ്ടുവര്‍ഷ തവണകളായി നികുതി അടയ്ക്കാം. ജി.എസ്.ടി. ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഇത് ഏറെ ആശ്വാസമാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍, വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം കാരണം വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് സംവിധാനമായ ബി.എച്ച്. സീരീസ് നടപ്പാക്കുന്നതോടെ കേരളത്തിലെ വലിയ നികുതി നഷ്ടമുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. അതേസമയം, നികുതി ഗണ്യമായി കുറയുന്നത് വാഹന ഉടമകള്‍ക്കു നേട്ടമാണ്. വാഹനവിലയുടെ എട്ടുമുതല്‍ 12 വരെ ശതമാനമാണ് പുതിയ സംവിധാനത്തില്‍ നികുതിയായി ഈടാക്കുന്നത്. കേരളത്തില്‍ 21 ശതമാനംവരെ നികുതി ചുമത്തുന്നുണ്ട്.
ഏറ്റവും കൂടുതല്‍ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അഞ്ചുലക്ഷംവരെ ഒമ്പത്, പത്തുലക്ഷംവരെ 11, പതിനഞ്ചുലക്ഷംവരെ 13, ഇരുപതു ലക്ഷംവരെ 16, അതിനുമുകളില്‍ 21 ശതമാനം നികുതി ഈടാക്കുന്നുണ്ട്. 15 വര്‍ഷത്തേക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കുകയും വേണം. ഇതുകാരണം ആഡംബരവാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..