എല്‍.എന്‍.ജി. ബസുകളുടെ ഓട്ടം വിജയകരമായാല്‍ അടുത്തവര്‍ഷം ഇത്തരത്തിലുള്ള 400 ബസുകള്‍ പുറത്തിറക്കലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. ഹരിത ഇന്ധനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ എല്‍.എന്‍.ജി.-എ.സി. ബസ് സര്‍വീസ് തമ്പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നുമാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും. ഇത് വിജയകരമായാല്‍ ഘട്ടംഘട്ടമായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ എല്‍.എന്‍.ജി.യിലേക്കും സി.എന്‍.ജി.യിലേക്കും മാറുമെന്നും മന്ത്രി പറഞ്ഞു. ബസില്‍ ഇന്ധനം നിറയ്ക്കാന്‍ ആലുവ, ഏറ്റുമാനൂര്‍, പാപ്പനംകോട്, വെള്ളറട എന്നിവിടങ്ങളിലെ സാധ്യത പരിശോധിക്കാന്‍ പെട്രോനെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സര്‍വീസ്. കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡ് വൈസ് പ്രസിഡന്റ് യോഗാന്ദ റെഡ്ഡിയുമായി ധാരണപത്രം ഒപ്പുവെച്ചു. കെ.എസ്.ആര്‍.ടി.സി. ദക്ഷിണമേഖലാ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി. അനില്‍കുമാര്‍, തൊഴിലാളി യൂണിയന്‍ നേതാക്കളായ വി. ശാന്തകുമാര്‍, ഡി. അജയകുമാര്‍, കെ.എല്‍. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ചാര്‍ജ് വര്‍ധിപ്പിക്കില്ല

ഇന്ധന വിലവര്‍ധനമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സഹകരണബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണത്തിന് കരാര്‍ പുതുക്കും. കെ.എസ്.ആര്‍.ടി.സി.യില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kerala First LNG Bus Start Service; 400 Buses In One Year