തിരുവനന്തപുരം: രാജ്യവ്യാപകമായ ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയിലേക്കു സംസ്ഥാനവും കടന്നു. 'സാരഥി' എന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണംചെയ്തു തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃതവിഭാഗം ഓഫീസിലെ ലൈസന്‍സ് വിതരണമാണ് ആദ്യഘട്ടത്തില്‍ പുതിയ രീതിയിലേക്കു മാറ്റിയത്. 

കേന്ദ്രീകൃത പ്രിന്റിങ് സംവിധാനം ഏര്‍പ്പെടുത്തിയശേഷം മറ്റ് ഓഫീസുകളിലേക്കു പദ്ധതി വ്യാപിപ്പിക്കും. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഡാറ്റ ഒരു സ്ഥലത്തു ശേഖരിച്ചശേഷം ലൈസന്‍സ് പ്രിന്റുചെയ്തു നല്‍കും. ഇതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കാര്‍ഡുകളിലാണ് പുതിയ ലൈസന്‍സുകള്‍ തയ്യാറാക്കിയിട്ടുള്ളത്. സുരക്ഷയ്ക്കുവേണ്ടി ക്യൂ.ആര്‍. കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തിനു മാത്രമായിട്ടുള്ള കംപ്യൂട്ടര്‍ ശൃംഖലയിലാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാന്‍ സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെ സഹായം തേടേണ്ടിവരും. എന്നാല്‍, പുതിയ സംവിധാനത്തില്‍ കേന്ദ്രീകൃത വെബ്സെറ്റില്‍ പ്രവേശിച്ചാല്‍ എല്ലാ വിവരങ്ങളും ലഭിക്കും. 

രാജ്യവ്യാപകമായി ഡ്രൈവിങ് ലൈസന്‍സിന് ഏകരൂപം ഉണ്ടാകും. വാഹന രജിസ്‌ട്രേഷനും ഇതേപോലെ 'വാഹന്‍' എന്ന കേന്ദ്രീകൃത സംവിധാനത്തിലേക്കു മാറുകയാണ്. പദ്ധതിയുടെ പരീക്ഷണം നടക്കുകയാണ്. വാഹനനിര്‍മാതാക്കള്‍തന്നെ വാഹനങ്ങളുടെ വിശദാംശങ്ങള്‍, വില്പന സര്‍ട്ടിഫിക്കറ്റ് എന്നിവ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കും. ഇതില്‍ ഉടമയുടെ പേരു മാത്രം ഉള്‍ക്കൊള്ളിക്കാനുള്ള അനുമതി മാത്രമേ ഡീലര്‍ക്കു ലഭിക്കുകയുള്ളൂ. വാഹനങ്ങളുടെ മോഡല്‍ മാറ്റി വില്പന നടത്തുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഇതുവഴി തടയാനാകും.

Content Highlights; Kerala driving licence card will changed to plastic card