പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് സൗരോര്‍ജം ഇന്ധനമായി ഉപയോഗിക്കുന്ന സോളാര്‍ ഓട്ടോറിക്ഷകള്‍ വിപണിയിലിറക്കും. വായു മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഈവര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് പദ്ധതി.

ലിഥിയം-അയേണ്‍ ബാറ്ററിയില്‍ 1.5 കിലോവാട്ട് ഡി.സി. മോട്ടോറാണ് വാഹനത്തിന് കരുത്തേകുക. 1.5 മീറ്റര്‍ നീളത്തിലും ഒരുമീറ്റര്‍ വീതിയിലും റിക്ഷയ്ക്ക് മുകളില്‍ ഘടിപ്പിച്ച സോളാര്‍ പാനലുകള്‍വഴിയാണ് വാഹനം ചലിക്കുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 80 മുതല്‍ 100 കിലോമീറ്റര്‍വരെ ഓടിക്കാനാകും.

ഫുള്‍ ചാര്‍ജ് ചെയ്യാന്‍ പരമാവധി ആറുമണിക്കൂര്‍ വേണ്ടിവരും. സൗരോര്‍ജത്തിന്റെ അഭാവത്തില്‍ വൈദ്യുതിവഴിയും ബാറ്ററി ചാര്‍ജ് ചെയ്യാനാകും. പെട്രോള്‍, ഡീസല്‍ റിക്ഷകളെപ്പോലെ പുകയും ശബ്ദവും ഇല്ലാത്തതിനാല്‍ സോളാര്‍ റിക്ഷ അന്തരീക്ഷമലിനീകരണത്തിനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കും. 

solara auto

പരമാവധി 30 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റിക്ഷ തിരക്കേറിയ നഗരത്തിലെ റോഡുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ഒരുക്കുന്നത്. അഞ്ചുപേര്‍ക്ക് ഒരേസമയം യാത്രചെയ്യാവുന്ന ഓട്ടോ രൂപമാറ്റം വരുത്തിയാല്‍ ചെറിയ കാറായും വികസിപ്പിച്ചെടുക്കാം. 

നിലവില്‍ നിരത്തിലുള്ള ഓട്ടോയുമായി രൂപത്തില്‍ സാമ്യമുണ്ടാകുമെങ്കിലും കരുത്തിലും സുരക്ഷയിലും മറ്റ് ഘടകങ്ങളിലും മികച്ച രീതി സൗരഓട്ടോറിക്ഷയ്ക്കുണ്ടാകും. പെട്രോള്‍ -ഡീസല്‍ വില അനുദിനമുയരുമ്പോള്‍ സൗരഓട്ടോയ്ക്കുള്ള വിപണിസാധ്യതയും കൂടുന്നു.

ഒരു കിലോമീറ്റര്‍ സൗരറിക്ഷ ഓടാന്‍ ഒരു രൂപയില്‍ത്താഴെ മാത്രമേ ചെലവുണ്ടാവുകയുള്ളൂവെന്നാണ് അധികൃതരുടെ വാദം. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള സൗരറിക്ഷകളാണ് ആദ്യഘട്ടത്തില്‍ വില്പന നടത്തുക.

Content Highlights: Kerala Automobiles Introduce Solar Auto Rickshaw