ജീവനക്കാരുടെ ശമ്പളക്കുടിശ്ശികയും പി.എഫ്. പ്രശ്‌നവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലും സമ്മര്‍ദ്ദിത പ്രകൃതിവാതക(കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്-സി.എന്‍.ജി.) ഓട്ടോകള്‍ നിര്‍മിക്കാനൊരുങ്ങി പൊതുമേഖലാസ്ഥാപനമായ ആറാലുംമൂട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്(കെ.എ.എല്‍.). പൊതുമേഖലാസ്ഥാപനങ്ങളില്‍ ആദ്യമായി ഇ-ഓട്ടോ നിരത്തിലിറക്കിയ കെ.എ.എല്‍., ബാറ്ററി ഉള്‍പ്പെടെയുള്ളവയുടെ പോരായ്മകള്‍ പരിഹരിച്ച് ഇ-ഓട്ടോയുടെ നിര്‍മാണം പുനരാരംഭിച്ചു.

രാജ്യത്ത് സി.എന്‍.ജി. വാഹനങ്ങളുടെ സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കെ.എ.എല്‍. സി.എന്‍.ജി. ഓട്ടോകള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നത്. ബി.എസ്-6 വിഭാഗത്തിലെ എന്‍ജിന്‍ ഉപയോഗിച്ചാണ് സി.എന്‍.ജി. ഓട്ടോകള്‍ നിര്‍മിക്കുക. സി.എന്‍.ജി. ഓട്ടോയുടെ മാതൃകയ്ക്ക് അംഗീകാരം ലഭിച്ചാലുടന്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം തുടങ്ങാനാണ് ശ്രമം. ഇതോടൊപ്പം ഇ-ഓട്ടോകളുടെ നിര്‍മാണം തുടരും.

ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്താണ് കെ.എ.എല്‍. ഇ-ഓട്ടോകളുടെ നിര്‍മാണം തുടങ്ങിയത്. പുതിയ പ്ലാന്റ്, യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ 41 കോടി രൂപ നല്‍കിയിരുന്നു. ഈ കാലയളവിനിടെ 200 ഇ-ഓട്ടോകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നിരത്തിലിറക്കി. കെ.എ.എല്ലില്‍നിന്നു പുറത്തിറക്കിയ ഇ-ഓട്ടോകള്‍ക്ക് ചില പോരായ്മകളുണ്ടായി. ബാറ്ററി, ബാക്ക് റിയര്‍ ആക്‌സില്‍, ഫോര്‍ക്ക് തുടങ്ങിയവയിലുള്ള പോരായ്മകള്‍ പരിഹരിച്ചുവരികയാണ്. ഇത്തരത്തില്‍ പോരായ്മ പരിഹരിച്ച ഇ-ഓട്ടോകളുടെ നിര്‍മാണം പുനരാരംഭിച്ചു.

50 ഇ-ഓട്ടോകള്‍ വിറ്റാല്‍ ശമ്പളം നല്‍കാനാകുമെന്ന് മാനേജ്മെന്റ്

ഇ-ഓട്ടോകളുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് 2013 മുതലുള്ള പി.എഫ്. വിഹിതം അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എ.എല്ലിന്റെ അക്കൗണ്ട് ഇ.പി.എഫ്. അധികൃതര്‍ മരവിപ്പിച്ചത്. ഇതിനിടെ, ജീവനക്കാരുടെ ശമ്പളവിതരണവും തടസ്സപ്പെട്ടു. 98 ജീവനക്കാരുള്ള കെ.എ.എല്ലില്‍ ജീവനക്കാരുടെ ഏഴു മാസത്തെ ശമ്പളക്കുടിശ്ശിക നല്‍കാനായില്ല. എന്നാല്‍, കഴിഞ്ഞ മാസം രണ്ടു മാസത്തെ ശമ്പളം വിതരണം ചെയ്തു. ഇനി അഞ്ചു മാസത്തെ ശമ്പളക്കുടിശ്ശിക നല്‍കാനുണ്ട്.

ഡിസംബര്‍ അവസാനത്തിനു മുന്‍പായി 50 ഇ-ഓട്ടോകള്‍ നിരത്തിലിറക്കി ലഭിക്കുന്ന തുകകൊണ്ട് ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക നല്‍കാനാകുമെന്നാണ് കെ.എ.എല്‍. മാനേജ്മെന്റ് പ്രതീക്ഷിക്കുന്നതെന്ന് കെ.എ.എല്‍. മാനേജിങ് ഡയറക്ടര്‍ പി.വി.ശശീന്ദ്രന്‍ വ്യക്തമാക്കി. ഇതോടൊപ്പം പി.എഫ്. കുടിശ്ശിക ഘട്ടംഘട്ടമായി അടച്ചുതീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights; Kerala automobiles developing CNG auto, KML Electric autos, CNG autos, KML