കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കൊപ്പം വൈദ്യുത ബസുകളും നിര്‍മിക്കും. ഓട്ടോറിക്ഷയുടെ നിര്‍മാണോദ്ഘാടനം 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒന്‍പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിര്‍മാണരംഗത്തേക്കും കേരള ഓട്ടോമൊബൈല്‍സ് കടക്കുമെന്ന് ചെയര്‍മാന്‍ കരമന ഹരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സര്‍ട്ടിഫിക്കേഷന്‍ കെ.എ.എല്ലിനു ലഭിച്ചുകഴിഞ്ഞു.

ആദ്യഘട്ടമായി പ്രതിവര്‍ഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിപണിയിലെത്തിക്കും. പിന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കും. കിലോമീറ്ററിന് 50 പൈസ മാത്രമായിരിക്കും ഇലക്ട്രിക് ഓട്ടോയുടെ പ്രവര്‍ത്തനച്ചെലവ്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം പലയിടത്തായി വൈദ്യുതി ബോര്‍ഡ് ഒരുക്കുന്നുണ്ട്. വീടുകളില്‍നിന്ന് നേരിട്ടും വാഹനം ചാര്‍ജ് ചെയ്യാം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാം.

സ്വിറ്റ്സര്‍ലന്‍ഡിലെ എച്ച്.ഇ.എസ്.എസ്. എന്ന കമ്പനിയുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ സഹകരണത്തോടെ ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്നത്.

ഇതിനുള്ള സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറിക്കഴിഞ്ഞു. ഐ.എസ്.ആര്‍.ഒ. യുടെ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കെ.എ.എല്ലിന്റെ മെഷീന്‍ ഷോപ്പ് ഏഴുകോടി രൂപ ചെലവിട്ട് നവീകരിച്ചു. ഇതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കെ.എ.എല്ലിനു പ്രതിമാസം 40 ലക്ഷം രൂപ വരുമാനം നല്‍കുന്ന പദ്ധതിയാണിത്. പത്തിന് രാവിലെ 11-ന് ആറാലുംമൂട് കെ.എ.എല്‍. അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ.പി.ജയരാജന്‍ സ്വിച്ച് ഓണ്‍ ചെയ്യും. 

Content Highlights; Kerala Automobiles Limited, Electric Bus