കായംകുളം: നഗരസഭയുടെ പഴയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുമ്പേള്‍ ഇവ ലേലംചെയ്ത് മുതല്‍ക്കൂട്ടാന്‍ നടപടി സ്വീകരിക്കുന്നില്ല. ഇതുകാരണം ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് വരുത്തുന്നത്.

കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുമൂലമാണ് ഇവയില്‍ പലതും ഉപയോഗിക്കാന്‍ കഴിയാതെയായത്. നാളുകളായി നഗരസഭാ ഓഫീസ് വളപ്പില്‍ ഉപേക്ഷിച്ചിരുന്ന മൂന്നുലോറികളും ഒരു കാറും ഒരു ട്രാക്ടറും ലോറി സ്റ്റാന്‍ഡിന് പിന്നിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. 

ഇതിനുപുറമേ പതിനഞ്ച് വര്‍ഷംമുമ്പ് വാങ്ങിയ റോഡ്‌റോളറും വര്‍ഷങ്ങളായി ഉപയോഗിക്കാതെകിടന്ന് നശിക്കുന്നു. തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപിള്ള സ്മാരക ഷോപ്പിങ് കോംപ്ലക്‌സിന് പിന്നിലാണ് ഇത് കിടക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ റോഡ്റോളര്‍ നശിക്കുന്നത് ജനങ്ങള്‍ കാണാതിരിക്കാനാണ് ആരും കാണാത്ത ഈ സ്ഥലത്തേക്ക് മാറ്റിയത്. 

ഈവാഹനങ്ങളൊന്നും ഉപയോഗയോഗ്യമാക്കാന്‍ കഴിയില്ലെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. എന്നാല്‍ നടപടിയുമില്ല. ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉടന്‍ ലേലംചെയ്യാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ എന്‍.ശിവദാസന്‍ പറഞ്ഞു.

Content Highlights: Kayamkulam, municipality, vehicle waste, old vehicles