മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ ടൂറിസ്റ്റ് ബസ്
കര്‍ണാടകയില്‍നിന്ന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസ് മുത്തങ്ങയിലെ മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ പിടികൂടി. മൈസൂരുവിലെ ആര്.കെ.പുരത്തുനിന്ന് ശബരിമല തീര്‍ഥാടകരുമായി എത്തിയതായിരുന്നു ബസ്. കേരളത്തിലേക്ക് കടക്കുന്നതിനായി ചെക്പോസ്റ്റില്‍നിന്ന് പെര്മിറ്റെടുക്കുന്നതിനായി എത്തിയപ്പോള്‍ സംശയംതോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പിടികൂടിയത്.
നമ്പര്‍പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അത് ചുരണ്ടിനോക്കിയപ്പോഴാണ്, നമ്പര്‍പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന്, വാഹനത്തിന്റെ ഷാസി നമ്പറും എന്ജിന് നമ്പറും പരിശോധിച്ചപ്പോള്‍ ഈ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ വേറെയാണെന്ന് കണ്ടെത്തി. മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറും രേഖകളും ഉപയോഗിച്ചാണ് ഈ ബസ് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
കെ.എ. 51 ഡി. 1339 എന്ന യഥാര്‍ഥ നമ്പറിനുപകരം കെ.എ. 05. എ.ജി. 9518 എന്ന മറ്റൊരു വാഹനത്തിന്റെ നമ്പറാണ് ഉപയോഗിച്ചത്. ഈ ബസിന് ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ടാക്സ് തുടങ്ങിയവയൊന്നും ഇല്ലാത്തതിനാലാണ് മറ്റൊരു വാഹനത്തിന്റെ നമ്പറും രേഖകളും ഉപയോഗിച്ച് കേരളത്തിലേക്ക് എത്തിയത്.
തട്ടിപ്പ് പിടികൂടുമെന്ന് ഉറപ്പായതോടെ ബസിന്റെ ഡ്രൈവര്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത ബസ് തുടര്‍നടപടികള്‍ക്കായി ബത്തേരി പോലീസിന് കൈമാറി. എം.വി.ഐ. പി.ആര്. മനു, എ.എം.വി.ഐ.മാരായ കെ. ബൈജു, എസ്. ഷാന്‍, ഓഫീസ് അസിസ്റ്റന്റുമാരായ അബിന്‍, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസ് പിടിച്ചെടുത്തതോടെ യാത്രക്കാരായ തീര്‍ഥാടകരെ പിന്നീട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. രക്ഷപ്പെട്ട ബസ് ഡ്രൈവറെ ചൊവ്വാഴ്ച രാവിലെ മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ബത്തേരിയില്‍നിന്ന് പിടികൂടി പോലീസിന് കൈമാറി.
Content Highlights: Karnataka tourist bus with fake number caught by mvd kerala, tourist bus, karnataka tourist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..