പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്കറിയ
ഡിസംബര്‍ മുതല്‍ ബെംഗളൂരു-മൈസൂരു റൂട്ടില്‍ വൈദ്യുതബസ് സര്‍വീസ് തുടങ്ങാന്‍ കര്‍ണാടക ആര്.ടി.സി. ദീര്‍ഘദൂര റൂട്ടുകളിലേക്കും വൈദ്യുത ബസുകളുടെ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ 15-നാണ് ആദ്യ സര്‍വീസ്. 31-നുള്ളില്‍ 25 ബസുകളെങ്കിലും ഈ റൂട്ടില്‍ സര്വീസിനെത്തിക്കുകയാണ് കര്‍ണാടക ആര്.ടി.സി. ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി ഹുബ്ബള്ളി, മംഗളൂരു, വിരാജ്പേട്ട തുടങ്ങിയ റൂട്ടുകളിലേക്കും വൈദ്യുത ബസ് സര്‍വീസ് തുടങ്ങും.
ഹൈദരാബാദ് ആസ്ഥാനമായ ഒലെക്ട്ര ഗ്രീന്‍ ടെക് എന്ന കമ്പനിയാണ് ബസുകള്‍ എത്തിക്കുന്നത്. നിലവില്‍ ബെംഗളൂരുവില്‍ ബി.എം.ടി.സി. വൈദ്യുതബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ കമ്പനിയില്‍നിന്ന് വാടകയ്ക്കെടുത്ത ബസ്സുകളാണിവ. ഡീസല്‍ ബസുകളെ അപേക്ഷിച്ച് വലിയ ലാഭം വൈദ്യുതബസുകളില്നിന്ന് ലഭിക്കുന്നതായാണ് കണക്ക്. ഇതില്‍ കണ്ടക്ടര്‍ മാത്രമാണ് ബി.എം.ടി.സി. ജീവനക്കാരനെന്നതിനാല് ശമ്പളയിനത്തില്‍ വരുന്ന ചെലവും കുറയും.
ഇത്തരം ബസുകളിലെ ഡ്രൈവറെ കമ്പനിയാണ് നിയോഗിക്കുന്നത്. ബസിന്റെ പരിപാലനച്ചുമതലയും കമ്പനിക്കായിരിക്കും. ഇതേ മാതൃകയിലാണ് കര്‍ണാടക ആര്.ടി.സി.യുടെ ദീര്‍ഘദൂര വൈദ്യുതബസുകളും സര്‍വീസ് നടത്തുക. സര്‍വീസിന് മുന്നോടിയായി മൈസൂരു ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ച് ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കും. ബസുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കും. യാത്രക്കാര്‍ക്ക് സുഖകരമായി യാത്രചെയ്യാന്‍ കഴിയുന്നവയായിരിക്കും പുതുതായി നിരത്തിലിറക്കുന്ന വൈദ്യുതബസുകളെന്ന് കര്‍ണാടക ആര്.ടി.സി. അധികൃതര്‍ അറിയിച്ചു.
ബസിനൊരു പേരുവേണം
പുതുതായി നിരത്തിലിറക്കുന്ന വൈദ്യുത ബസിനും വോള്‍വോ മള്‍ട്ടി ആക്സില്‍ ബസിനും പേര് നിര്‍ദേശിക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കി കര്‍ണാടക ആര്.ടി.സി., വോള്‍വോ ബസുകള്‍ക്ക് 'ഐരാവത്' എന്നും ഡീലക്സ് ക്ലാസ് ബസുകള്‍ക്ക് 'രാജഹംസ' എന്നും പേരുനല്‍കിയതുപോലെ മികച്ച പേരുകളാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ടാഗ്ലൈനും വേണം. മനോഹരമായ ഗ്രാഫിക്സ് ആശയവും ക്ഷണിച്ചിട്ടുണ്ട്.
വൈദ്യുത ബസിന് പുറമേ പുതുതായി നിരത്തിലെത്തിക്കുന്ന വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകള്‍ക്കും പേര് ആവശ്യമാണ്. മികച്ച പേരും ടാഗ്ലൈനും നല്‍കുന്നയാള്‍ക്ക് 10,000 രൂപയും ഡിസൈന്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപയുമാണ് സമ്മാനം. കെ.എസ്.ആര്.ടി.സി. വെബ്സൈറ്റിലൂടെ ഡിസംബര്‍ അഞ്ചിനുമുമ്പ് പേരും ആശയവും നല്‍കാം.
Content Highlights: Karnataka RTC starts electric bus service in long routes, Electric bus services
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..