കാലാവധി കഴിഞ്ഞ ബസുകള്‍ നശിപ്പിക്കാതെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കിമാറ്റാനൊരുങ്ങി കര്‍ണാടക ആര്‍.ടി.സി. നിരത്തുകളില്‍നിന്ന് പിന്‍വലിക്കുന്ന ബസുകള്‍ സ്ത്രീകള്‍ക്കുള്ള ശുചിമുറിയാക്കി മാറ്റാനാണ് കോര്‍പ്പറേഷന്റെ നീക്കം. ഇതുകൂടാതെ മൊബൈല്‍ ലൈബ്രറി, തയ്യല്‍കേന്ദ്രം എന്നിവയാക്കിമാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. 

പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബസുകള്‍ സ്ത്രീകള്‍ക്കുള്ള ശുചിമുറിയാക്കി മാറ്റുന്നത്. പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നേരത്തേ പഴക്കംച്ചെന്ന ചില ബസുകള്‍ സ്ത്രീകള്‍ക്കുള്ള ശുചിമുറിയാക്കി മാറ്റിയിരുന്നു.

കര്‍ണാടക ആര്‍.ടി.സി.യുടെ നോണ്‍ എ.സി. ബസുകള്‍ ഒമ്പത് ലക്ഷം കിലോമീറ്റര്‍ പിന്നിടുമ്പോഴും എ.സി. ബസുകള്‍ 13 ലക്ഷം കിലോമീറ്റര്‍ പിന്നിടുമ്പോഴുമാണ് നിരത്തില്‍നിന്ന് പിന്‍വലിക്കുന്നത്. പിന്‍വലിക്കുന്ന ബസുകള്‍ നശിപ്പിക്കുന്നത് കോര്‍പ്പറേഷന് എപ്പോഴും തലവേദനയാണ്. പലപ്പോഴും ഇത്തരം ബസുകള്‍ സ്വീകരിക്കാന്‍ കരാറുകാരെ കിട്ടാതെ വരുന്നു.

പഴയ 'കര്‍ണാടക സരിഗെ' ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മജസ്റ്റിക് ഉള്‍പ്പെടെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലായിരിക്കും ബസുകള്‍ ശുചിമുറിയാക്കി സ്ഥാപിക്കുന്നത്.

ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് മജസ്റ്റിക്കില്‍ എത്തുന്നത്. ഇവിടെ ശുചിമുറികളും ശിശുസംരക്ഷണ കേന്ദ്രങ്ങളും നിര്‍മിക്കുന്നത് വനിതാ യാത്രക്കാര്‍ക്ക് പ്രയോജനമാകുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു. നിലവില്‍ 1200 പഴയ ബസുകള്‍ വര്‍ക്ക്ഷോപ്പുകളില്‍ കിടപ്പുണ്ട്.

Content Highlights: Karnataka RTC Plans To Convert Old Bus Into Mobile Library and Toilet