ഴയ ബസ് സ്ത്രീകള്‍ക്കുള്ള 'സഞ്ചരിക്കുന്ന ശൗചാലയ'മാക്കിമാറ്റി കര്‍ണാടക ആര്‍.ടി.സി. ബെംഗളൂരു മജെസ്റ്റിക് ബസ് സ്റ്റാന്‍ഡിലാണ് പരീക്ഷാടിസ്ഥാനത്തില്‍ നിര്‍മിച്ച 'സ്ത്രീ ടോയ്‌ലെറ്റ്' സ്ഥാപിച്ചിരിക്കുന്നത്. ബെംഗളൂരു വിമാനത്താവളം അതോറിറ്റിയുടെ സാമ്പത്തികസഹായവും പദ്ധതിക്കുണ്ട്. 

ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി 'സഞ്ചരിക്കുന്ന ശൗചാലയം' ഉദ്ഘാടനംചെയ്തു. സൗരോര്‍ജമുപയോഗിച്ചാണ് പ്രവര്‍ത്തനം. ഇന്ത്യന്‍ രീതിയുള്ള മൂന്നുക്ലോസറ്റുകളും പശ്ചാത്യരീതിയിലുള്ള മൂന്നു ക്ലോസറ്റുകളുമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. മുലയൂട്ടാനുള്ള സൗകര്യവും സാനിറ്ററി നാപ്കിനുകള്‍ സംസ്‌കരിക്കാനുള്ള ഇന്‍സിനറേറ്ററുകളും 'സഞ്ചരിക്കുന്ന ശൗചാലയ'ത്തിലുണ്ട്. 

സെന്‍സറുകള്‍ ഉപയോഗിച്ചാണ് ജലവിതരണം നിയന്ത്രിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി 'അപായ ബട്ടണ്‍' ഒരുക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പുവരുത്താന്‍ പ്രത്യേകം ജീവനക്കാരെ നിയോഗിക്കുമെന്നും കര്‍ണാടക ആര്‍.ടി.സി. അറിയിച്ചു. വനിതാ ജീവനക്കാര്‍ക്കും ഇത്തരം ശൗചാലയങ്ങള്‍ ഉപകാരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

കൂടുതല്‍ പഴയബസുകള്‍ അടുത്ത മാസങ്ങളില്‍ 'സഞ്ചരിക്കുന്ന ശൗചാലയ'ങ്ങളാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്. നേരത്തേ പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പഴയ ബസുകള്‍ 'സഞ്ചരിക്കുന്ന ശൗചാലയ'ങ്ങളാക്കിമാറ്റിയിരുന്നു. മുംബൈ നഗരത്തില്‍ സ്വകാര്യകമ്പനിയും ഈ സംവിധാനമൊരുക്കി. 

ഈ മാതൃകയാണ് കര്‍ണാടക ആര്‍.ടി.സി.യും പിന്തുടര്‍ന്നത്. 'കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടി'ല്‍നിന്നാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 12 ലക്ഷം രൂപ പദ്ധതിക്കായി നല്‍കിയത്. കൂടുതല്‍ ശൗചാലയങ്ങള്‍ ഒരുക്കാന്‍ സന്നദ്ധസംഘടനകളുടെ സഹായവും കര്‍ണാടക ആര്‍.ടി.സി. തേടും.

Content Highlights: Karnataka RTC Makes Women Friendly Mobile Toilets In Old Buses