കോവിഡ് രോഗികള്‍ക്ക് അവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താന്‍ ഐ.സി.യു. ബസുമായി കര്‍ണാടക ആര്‍.ടി.സി. വെന്റിലേറ്ററുകളും ഇ.സി.ജി. യന്ത്രങ്ങളും ഓക്‌സിജന്‍ വിതരണ സംവിധാനവുമുള്ള 'ഐ.സി.യു. ഓണ്‍ വീല്‍സ് ' ബസ് ബെംഗളൂരുവില്‍ പുറത്തിറക്കി. കര്‍ണാടക ആര്‍.ടി.സി.യുടെ ബസില്‍ ആവശ്യമായ രൂപമാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം ആറുരോഗികള്‍ക്ക് ചികിത്സാസൗകര്യമൊരുക്കാന്‍ കഴിയുന്ന ബസ് ജയനഗര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുക.

കഴിഞ്ഞദിവസം ചിക്കബെല്ലാപുരയിലും ആനേക്കലിലും ഒരോ ഐ.സി.യു.ഓണ്‍ വീല്‍സ് ബസുകള്‍ കര്‍ണാടക ആര്‍.ടി.സി. പുറത്തിറക്കിയിരുന്നു. മുഴുവന്‍ ജില്ലകളിലും ഇത്തരം ബസുകള്‍ നിരത്തിലിറക്കാനാണ് കര്‍ണാടക ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. ബി.എം.ടി.സി.യുടെ ഓക്‌സിജന്‍ സിലിന്‍ഡര്‍ സൗകര്യമുള്ള 'ഓക്‌സിജന്‍ ബസു'കളും കോവിഡ് രോഗികള്‍ക്ക് ആശ്വാസംപകര്‍ന്ന് നിരത്തിലുണ്ട്.

അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഒരു ബസില്‍ ഐ.സി.യു. സൗകര്യമൊരുക്കാനുള്ള ചെലവ്. അതി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആദ്യമണിക്കൂറില്‍ ചികിത്സയൊരുക്കാനാണ് ബസുകള്‍ ഉപയോഗിക്കുക. പിന്നീട് രോഗിയെ ആശുപത്രിയിലേക്ക് മാറ്റും. ഐ.സി.യു. ഓണ്‍ വീല്‍സുമായി സഹകരിക്കുന്ന ആശുപത്രികളിലെ ജീവനക്കാരുടെ സേവനവും ബസില്‍ ലഭിക്കും. ഇവരുടെ സാഹായത്തോടെയാണ് രോഗികള്‍ക്ക് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഘടിപ്പിക്കുക.

മുഴുവന്‍ ജില്ലകളിലും ഇത്തരം ബസുകള്‍ നിരത്തിലിറക്കുന്നതോടെ വെന്റിലേറ്റര്‍ സൗകര്യങ്ങളുടെ ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, സന്നദ്ധ സംഘടനകളുടേയും ആശുപത്രികളുടേയും സഹായത്തോടെ മാത്രമേ ഇത്തരം ബസുകള്‍ ഒരുക്കാന്‍ കഴിയുകയുള്ളൂ. വിവിധ ജില്ലകളിലെ ആശുപത്രികളുമായി ആര്‍.ടി.സി. അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്.

Content Highlights: Karnataka RTC Makes ICU On Wheels For Covid-19 Patients