മിഴ്‌നാട്ടിലെ അവിനാശിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍, ദീര്‍ഘദൂര ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനമൊരുക്കാന്‍ കര്‍ണാടക ആര്‍.ടി.സി. ദീര്‍ഘദൂര പ്രീമിയം ബസുകളില്‍ നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ.) ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ബസിന്റെ 50 മീറ്റര്‍ ദൂരത്തില്‍ മറ്റു വാഹനങ്ങളുണ്ടെങ്കില്‍ വേഗം സ്വമേധയാ കുറയുന്ന സംവിധാനമാണിത്. 400 പ്രീമിയം ബസുകളിലാണ് സംവിധാനം നടപ്പാക്കുക.

യാത്രയ്ക്കിടെ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇതിനായി നിരീക്ഷണസംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. രാത്രി ഒരുമണിമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ബസ്സോടിക്കുന്ന ഡ്രൈവര്‍മാര്‍ നിശ്ചിതസ്ഥലങ്ങളില്‍ നിര്‍ത്തി ഇടവേളയെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കും. ഇത് പരിശോധിക്കാന്‍ ജീവനക്കാരെ നിയോഗിക്കും. ഇടവേളയെടുക്കുന്ന സ്ഥലങ്ങളില്‍ ബസുകള്‍ക്ക് പ്രാഥമികപരിശോധന നടത്താനുള്ള സൗകര്യമുണ്ടാകും. 400 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിര്‍ബന്ധമാക്കും.

ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനം കര്‍ണാടക ആര്‍.ടി.സി.ക്കുണ്ട്. ഇതു പൂര്‍ത്തിയാക്കിയവരെയാണ് ദീര്‍ഘദൂര സര്‍വീസുകളില്‍ നിയമിക്കുക. ആഴ്ചതോറും ദീര്‍ഘദൂര സര്‍വീസുകളിലെ ജീവനക്കാരുടെ യോഗം ചേര്‍ന്ന് നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് യോഗത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.

4.5 മുതല്‍ 4.7 കിലോമീറ്റര്‍വരെ മൈലേജ് ബസുകള്‍ക്ക് ലഭിച്ചിരിക്കണമെന്നാണ് കര്‍ണാടക ആര്‍.ടി.സി.യുടെ മാനദണ്ഡം. അതിവേഗത്തില്‍ പോകുകയോ ഇടയ്ക്കിടെ ബ്രേക്കിടുകയോ ചെയ്താല്‍ മൈലേജില്‍ കുറവുവരും. ഓരോ സര്‍വീസ് പൂര്‍ത്തിയാകുമ്പോഴും ബസില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകത്തില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. തുടര്‍ച്ചയായി മൈലേജ് കുറഞ്ഞാല്‍ ജീവനക്കാരെ ദീര്‍ഘദൂരസര്‍വീസില്‍നിന്ന് ഒഴിവാക്കുകയാണ് പതിവ്. ദീര്‍ഘദൂര ബസുകളുടെ പരമാവധിവേഗം 80 കിലോമീറ്ററാണ്. കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് വേഗം കുറവാണെന്ന പരാതിയുടെ പ്രധാനകാരണമിതാണെന്ന് കര്‍ണാടക ആര്‍.ടി.സി. ലെയ്സണ്‍ ഓഫീസര്‍ ജി. പ്രശാന്ത് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസുകളുള്ള സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലൊന്നായിട്ടും കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ അപകടത്തില്‍പ്പെടുന്നത് താരതമ്യേന കുറവാണ്. കൃത്യമായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരുവില്‍നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള ബസുകളില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത് ഹൊസൂരിനും അവിനാശിക്കും ഇടയിലാണ്. വീതിയേറിയ റോഡുകളും വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമില്ലാത്തതുമാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. കര്‍ണാടക ആര്‍.ടി.സി.ക്ക് 24,138 ബസുകളാണുള്ളത്. ഇതില്‍ വലിയൊരു ശതമാനവും ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നവയാണ്. ഒരുദിവസം ശരാശരി 74.57 ലക്ഷം പേരാണ് കര്‍ണാടക ആര്‍.ടി.സി.യില്‍ യാത്രചെയ്യുന്നത്.

Content Highlights: Karnataka RTC Introduce Artificial Intelligence Base Safety Features In Long Route Bus