ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് അഞ്ചുജില്ലകളിലെ പ്രധാന നഗരങ്ങളിലേക്ക് ഇലക്ട്രിക് ബസ് ഓടിക്കാന്‍ കര്‍ണാടക ആര്‍.ടി.സി.യുടെ തീരുമാനം. മൈസൂരു, തുമകൂരു, കോലാര്‍, ചിത്രദുര്‍ഗ, ദാവണഗരെ തുടങ്ങിയ നഗരങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങുക. ഇതുമായി ബന്ധപ്പെട്ട് 50 ബസുകള്‍ വാടകയ്ക്ക് ഓടിക്കാന്‍ സബ്സിഡി അനുവദിക്കണമെന്ന് കര്‍ണാടക ആര്‍.ടി.സി. കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത്തരം ബസുകള്‍ ഒരുദിവസം 300 കിലോമീറ്ററോളം ഓടിക്കാം. ഇതനുസരിച്ചാണ് റൂട്ടുകള്‍ തിരഞ്ഞെടുത്തത്.

ടെന്‍ഡര്‍ ക്ഷണിച്ച് ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനാണ് അധികൃതരുടെ തീരുമാനം. കിലോമീറ്റര്‍ കണക്കിനാണ് ഇവരുടെ വാടക നിശ്ചയിക്കുന്നത്. കണ്ടക്ടറെ മാത്രം കര്‍ണാടക ആര്‍.ടി.സി. നിയമിച്ചാല്‍ മതിയാകും. ഡ്രൈവര്‍ സ്വകാര്യ കമ്പനിയുടെ ജീവനക്കാരനായിരിക്കും. ഇതോടെ കര്‍ണാടക ആര്‍.ടി.സി.ക്ക് കാര്യമായ മുതല്‍മുടക്ക് വേണ്ടിവരില്ല. കേന്ദ്രത്തിന്റെ സബ്സിഡി ലഭ്യമാക്കിയാല്‍ സ്വകാര്യ കമ്പനികള്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നേരത്തെ ബി.എം.ടി.സി. യും സമാനമായ രീതിയിലാണ് നഗരത്തില്‍ ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍നിന്ന് സബ്സിഡി നല്‍കുന്നത് സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായതോടെ വാടകയ്‌ക്കെടുക്കുന്ന പദ്ധതി ഉപേക്ഷിച്ച് ബസ് വിലകൊടുത്തുവാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആവശ്യത്തിന് ഫണ്ടില്ലാതായതോടെ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡി ടെന്‍ഡര്‍ നേടുന്ന സ്വകാര്യ കമ്പനിക്കാണ് ലഭിക്കുക. വലിയ ബസുകള്‍ക്ക് 55 ലക്ഷവും ചെറിയ ബസുകള്‍ക്ക് 30 ലക്ഷവുമാണ് സബ്സിഡി.

നഗരത്തില്‍നിന്ന് മറ്റുജില്ലകളിലേക്ക് ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. നിലവില്‍ ഒട്ടേറെ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുതലുള്ള റൂട്ടുകളാണ് അഞ്ചെണ്ണവും. 

Content Highlights; Electric Bus, Karnataka road transport corporation