സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ കര്‍ണാടക ആര്‍.ടി.സി. പുതിയതായി 3500 ബസുകള്‍ വാങ്ങുന്നു. യാത്രക്കാരെ ആകര്‍ഷിക്കാന്‍ സ്വകാര്യബസുകളുടെ രൂപകല്‍പ്പനയിലായിരിക്കും ബസുകള്‍ നിര്‍മിക്കുകയെന്ന് ഗതാഗതമന്ത്രി ഡി.സി. തമ്മണ്ണ പറഞ്ഞു. 

കൂടുതല്‍ ഗ്രാമപ്രദേശങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കര്‍ണാടക ആര്‍.ടി.സി.യുടെ നീക്കം. നിലവില്‍ കര്‍ണാടക ആര്‍.ടി.സി.യെ ബെംഗളൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.), നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.ഡബ്ല്യു.കെ.ആര്‍.ടി.സി.), നോര്‍ത്ത് ഈസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.ഇ.കെ.ആര്‍.ടി.സി.) എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. 

ഇതില്‍ ബി.എം.ടി.സി.ക്കു മാത്രം 6500-ലധികം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും ദിവസ പാസ് പദ്ധതി നടപ്പാക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.  മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഈ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ഡി.സി. തമ്മണ്ണ പറഞ്ഞു. 

വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ കര്‍ണാടക ആര്‍.ടി.സി.യുടെ ബസ് ടെര്‍മിനലുകളിലേക്ക് മാറ്റുന്നകാര്യത്തിലും സര്‍ക്കാരുമായി ചര്‍ച്ചനടത്തിവരികയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ തേടിയെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Karnataka RTC Buy 3500 News Buses For Public Transport