കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരുവില്‍ വൈദ്യുതി ബസുകള്‍ യാഥാര്‍ഥ്യമാകുന്നു. 300 വൈദ്യുതി ബസുകള്‍ വാങ്ങാന്‍ ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) കരാര്‍ വിളിച്ചു. വൈദ്യുതി ബസുകള്‍ ഇറക്കുമെന്ന് 2014 മുതല്‍ ബി.എം.ടി.സി. പറയുന്നതാണെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലായിരുന്നു. 

2020 ആദ്യം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ 100 വൈദ്യുതി ബസുകള്‍ കര്‍ണാടക ആര്‍.ടി.സി.ക്കും നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ലഭിക്കും. വിമാനത്താവള റൂട്ടുകളിലും മറ്റു റൂട്ടുകളിലും വൈദ്യുതി ബസുകള്‍ സര്‍വീസ് നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് പദ്ധതിയിലാണ് വൈദ്യുതി ബസ് പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതിയനുസരിച്ച് എ.സി. ബസുകള്‍ക്ക് ഒരുകോടി രൂപയും നോണ്‍ എ.സി. ബസുകള്‍ക്ക് 73 ലക്ഷംരൂപയും സബ്സിഡി ലഭിക്കും. വൈദ്യുതി ബസുകള്‍ ഇറക്കാന്‍ താമസിച്ചതിനാല്‍ നേരത്തേ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ 75 കോടി രൂപയുടെ സബ്സിഡി നഷ്ടപ്പെട്ടിരുന്നു. 

ബി.എം.ടി.സി. എം.ഡി.യും അന്നത്തെ ഗതാഗതമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു അന്ന് പദ്ധതി വൈകാന്‍ കാരണം. ബി.എം.ടി.സി. എം.ഡി. ബസുകള്‍ വാടകയ്‌ക്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഗതാഗതമന്ത്രി ബസുകള്‍ സ്വന്തമായി വാങ്ങാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്.

കര്‍ണാടകഭവനില്‍ ഇനി വൈദ്യുതി വാഹനങ്ങള്‍

വൈദ്യുതിവാഹനങ്ങള്‍ വ്യാപകമാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ കര്‍ണാടകഭവനിലും വൈദ്യുതിവാഹനങ്ങളാക്കുന്നു. കര്‍ണാടകഭവനിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നാല് വൈദ്യുതിവാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാനാണ് നീക്കം. മൂന്നു വര്‍ഷത്തേക്കാണ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നത്.

 കേന്ദ്രസര്‍ക്കാരിന്റെ എനര്‍ജി എഫിഷന്‍സി സര്‍വീസസ് ലിമിറ്റഡുമായി (ഇ.ഇ.എസ്.എല്‍.) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡല്‍ഹിയിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വൈദ്യുതിവാഹനമാകും ഉപയോഗിക്കുക. 

അടുത്തിടെ പുറത്തിറക്കിയ ടാറ്റാ തിയാഗോ, മഹീന്ദ്ര വെറിറ്റോ വൈദ്യുത കാറുകള്‍ വാടകയ്‌ക്കെടുക്കാനാണ് കര്‍ണാടകഭവന്‍ ലക്ഷ്യമിടുന്നത്. മാസം 23,000-24,000 വരെയായിരിക്കും കാറുകള്‍ വാടകയ്‌ക്കെടുക്കുന്നതിന്റെ ചെലവ്. ഇതുകൂടാതെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി മാസം 3,000 രൂപവരെ ചെലവാകും.

കര്‍ണാടക ഭവനിലെ വൈദ്യുതി വാഹനങ്ങള്‍ക്കായി പ്രത്യേക ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് വൈദ്യുതിവാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും വൈദ്യുതിവാഹനത്തിലേക്കു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Karnataka Planning To Introduce 300 Electric Buses