ഗരത്തിലെ നിരത്തുകളില്‍ വൈദ്യുത ബസ് ഓടിത്തുടങ്ങാന്‍ ഇനിയും കാത്തിരിക്കണം. ഇ- ബസുകള്‍ വാടയ്‌ക്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബി.എം.ടി.സി. പിന്മാറുന്നു. 

ബസുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ് സ്റ്റോണ്‍ എന്ന കമ്പനിയുമായുള്ള ടെണ്ടര്‍ നടപടികള്‍ റദ്ദാക്കും. പകരം സ്വന്തം നിലയില്‍ ഇ- ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് ബി.എം.ടി.സി. യുടെ പദ്ധതി. ഇതിന് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും.

ഇലക്ട്രിക് ബസുകള്‍ക്ക് കേന്ദ്രം അനുവദിച്ച 75 കോടിയുടെ സബ്സിഡി കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കെയാണ് പദ്ധതിയില്‍ മാറ്റം വരുത്തിയത്. മാര്‍ച്ച് 31-നുള്ളില്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സബ്സിഡി നഷ്ടപ്പെടുമെന്ന് നേരത്തേ കേന്ദ്രം ബി.എം.ടി.സി.യെ അറിയിച്ചിരുന്നു. 

വാടകയ്ക്ക് ബസുകള്‍ എടുക്കുന്നതു സംബന്ധിച്ച കരാറില്‍ വ്യക്തമായ ധാരണകളിലെത്താന്‍ കഴിയാത്തതിനാല്‍ മാര്‍ച്ചിനുള്ളില്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയില്ലെന്ന് ബി.എം.ടി.സി. വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാടകയ്‌ക്കെടുക്കാനുള്ള പദ്ധതി നിര്‍ത്തി ബസുകള്‍ നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചത്.

സബ്സിഡി കാലാവധി ആറുമാസംമുതല്‍ ഒരുവര്‍ഷം വരെ നീട്ടിനല്‍കാന്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കാനും തീരുമാനമുണ്ട്. ഈ കാലയളവില്‍ ബസുകള്‍ വാങ്ങുന്നതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

1.5 കോടി മുതല്‍ രണ്ടുകോടി വരെയാണ് ഇ- ബസുകളുടെ വില. ആദ്യഘട്ടത്തില്‍ 80 ബസുകള്‍ വാങ്ങുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് ബസുകള്‍ ലഭിക്കുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അതേസമയം കേന്ദ്രം സബ്സിഡി കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ ബി.എം.ടി.സി.ക്ക് സ്വന്തം നിലയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ 380 കോടിരൂപയോളം നഷ്ടത്തിലാണ് ബി.എം.ടി.സി. കാര്‍ഷിക കടം എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാറില്‍ നിന്ന് സഹായം ലഭ്യമാകുകയുമില്ല. കേന്ദ്രസബ്സിഡി നഷ്ടമാകാതിരിക്കാന്‍ നിരവധി തലങ്ങളില്‍ സമ്മര്‍ദം ചെലുത്താനാണ് ബി.എം.ടി.സി. യുടെ തീരുമാനം.

Content Highlights: Karnataka Government Planning To Buy Electric Bus