പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്കറിയ
സംസ്ഥാനങ്ങള്‍ സ്വന്തംനിലയില്‍ പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് നയരൂപവത്കരണം നടത്തണമെന്ന കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെ ഈ മേഖലയിലെ വിദഗ്ധരുമായി നടത്തുന്ന ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍. പത്തുദിവസത്തിനുള്ളില്‍ പൊളിക്കല്‍ നയത്തിന് അന്തിമരൂപം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
നേരത്തേ ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വകാര്യബസ്, ലോറി ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ വിയോജിപ്പാണ് ഇതിനോട് പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് 2.8 കോടി വാഹനങ്ങളാണുള്ളത്. ഇതില്‍ 79 ലക്ഷവും 15 വര്‍ഷത്തിലധികം പഴക്കമുള്ള, പൊളിച്ചുമാറ്റേണ്ട വിഭാഗത്തില്‍പ്പെട്ടവയാണ്.
ഇത്രയും വാഹനങ്ങള്‍ റോഡില്‍നിന്ന് പിന്‍വലിയുമ്പോള്‍ യാത്രാക്ലേശം രൂക്ഷമാകുമെന്നാണ് നയത്തെ എതിര്‍ക്കുന്നവരുന്നയിക്കുന്ന പ്രധാനവാദം. പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടിവരുന്നതിന്റെ ചെലവ് താങ്ങാന്‍ കഴിയില്ലെന്നും ലോറി, ബസ് ഉടമകള്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ വാഹനം പൊളിച്ചുനീക്കല്‍ നയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ണാടകത്തിന് മാറി നില്ക്കാന് കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വാഹനങ്ങള്‍ പൊളിച്ചുനീക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് നല്കാന് കഴിയുന്ന ഇളവുകളുമാണ് സംസ്ഥാനത്തിന്റെ പൊളിക്കല്‍ നയത്തിലുണ്ടാകുക.
വാഹനം പൊളിക്കാന്‍ സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ മേഖലയിലോ പ്രത്യേക സൗകര്യമൊരുക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശത്തിലുണ്ട്. അതേസമയം, വാഹനം പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ മുതലെടുത്ത് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുന്നതിന് ആര്.ടി.ഒ. ഓഫീസുകളില്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നെന്ന ആരോപണം ശക്തമാണ്.
Content Highlights: Karnataka draft sate vehicle scrape policy in 10 days, Bus, Lorry Owners strongly disagree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..