ര്‍ണാടകത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴുള്ള 'സീറോ ട്രാഫിക്' ആനുകൂല്യം ബസവരാജ് ബൊമ്മെ വേണ്ടെന്നുവെച്ചു. മറ്റുവാഹനങ്ങളെ തടഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സൗകര്യമൊരുക്കുന്നതാണ് 'സീറോ ട്രാഫിക്' സംവിധാനം. 

റോഡില്‍ മറ്റുവാഹനങ്ങളെ തടയുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നത് പരിഗണിച്ചാണ് ആനുകൂല്യം മുഖ്യമന്ത്രി വേണ്ടെന്നുവെച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുള്ള ഈ പരിഗണന ഒഴിവാക്കികൊണ്ട് ജോയിന്റ് കമ്മിഷണര്‍ (ട്രാഫിക്) ഉത്തരവിറക്കി. 

വാഹനവ്യൂഹം പോകുമ്പോള്‍ ആംബുലന്‍സുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ബൊമ്മെ പറഞ്ഞു. മുഖ്യമന്ത്രിക്കുപിന്നാലെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും സീറോ ട്രാഫിക് ആനുകൂല്യം വേണ്ടെന്നുവെച്ചു.

വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

Content Highlights: Karnataka CM Remove Zero Traffic System For His Vehicle Fleet