കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ | ഫോട്ടോ: മാതൃഭൂമി
സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച കെ-സ്വിഫ്റ്റ് കൈയടക്കുന്നത് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനമുള്ള ദീര്‍ഘദൂര ഷെഡ്യൂളുകള്‍. 27 ദീര്‍ഘദൂര ഷെഡ്യൂളുകള്‍ ഇതുവരെ കെ-സ്വിഫ്റ്റിന് കൈമാറിക്കഴിഞ്ഞു. ഇവ ഓപ്പറേറ്റ് ചെയ്യുന്നതിനായി 57 ബസുകളാണ് സര്‍വീസ് നടത്തുന്നത്. 1969 മുതല്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിവരുന്ന കണ്ണൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ഡീലക്‌സ് സൂപ്പര്‍ സര്‍വീസ് കൈമാറിയിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരി-തിരുവനന്തപുരം റൂട്ടിലെ രണ്ട് ഡീലക്‌സുകളും കെ-സ്വിഫ്റ്റ് ബസുകളാണ് ഓടിക്കുന്നത്.
കൊട്ടാരക്കര, എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍, നിലമ്പൂര്‍, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍നിന്ന് കൊല്ലൂര്‍ മൂകാംബിക, മൈസൂരൂ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമായി. തിരുവനന്തപുരം സെന്‍ട്രന്‍ ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് (രാത്രി 7.30), തിരുവനന്തപുരം-നിലമ്പൂര്‍ (രാത്രി 7.45), തിരുവനന്തപുരം-കോഴിക്കോട് (രാത്രി 10.20) എന്നീ ഡീലക്‌സ് സര്‍വീസുകള്‍ക്കുപകരം കെ-സ്വിഫ്റ്റ് ബസുകളാണ് ഓടിക്കുന്നത്. 35,000 രൂപയ്ക്കുമുകളില്‍ പ്രതിദിനവരുമാനം ലഭിച്ചിരുന്ന സര്‍വീസുകളാണ് മിക്കവയും.
ഓര്‍ഡിനറി സര്‍വീസ് വഴി ഉണ്ടാകുന്ന നഷ്ടം നികത്താന്‍ വലിയ വരുമാനമുള്ള ദീര്‍ഘദൂര ഷെഡ്യൂളുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഗുണകരമായിരുന്നു. ഇവയെല്ലാം ഘട്ടംഘട്ടമായി കെ-സ്വിഫ്റ്റിന് കൈമാറുകയാണ്. ഈ റൂട്ടുകളില്‍ ഓടിക്കൊണ്ടിരുന്ന ഡീലക്‌സ് ബസുകള്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. കയറ്റിയിട്ടിരിക്കുകയാണ്. കെ-സ്വിഫ്റ്റ് സര്‍വീസുകള്‍ പൂര്‍ണതോതിലാകുമ്പോള്‍ ഡീലക്‌സ് ബസുകളെ ബൈപ്പാസ് റൈഡറുകളായി മാറ്റുമെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്.
എന്നാല്‍ കോവിഡ് കാലത്ത് കയറ്റിയിട്ട ബസുകളെപ്പോലെ ഇവയും നശിച്ചുപോകുമെന്ന് ആശങ്കയുണ്ട്. കെ-സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സി.യുടെ റൂട്ടോ ഷെഡ്യൂളോ കൈയേറില്ലെന്നും സ്വകാര്യ, സമാന്തര വാഹനങ്ങള്‍ ജനങ്ങളെ ചൂഷണംചെയ്യുന്ന റൂട്ടുകളിലേക്ക് കടന്നുചെല്ലുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതെന്നും ഇതിന് കടകവിരുദ്ധമായാണ് പ്രവര്‍ത്തനമെന്നും ഐ.എന്‍.ടി.യു.സി., ബി.എം.എസ്., എ.ഐ.ടി.യു.സി. യൂണിയനുകള്‍ പറയുന്നു.
Content Highlights: K-Swift take over most revenue generating ksrtc routes, KSRTC Swift, KSRTC Super Deluxe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..