ലിക്വിഡിറ്റി വ്യവസ്ഥകള്‍ കര്‍ശനമായി തുടരുന്നതും കാലവര്‍ഷം വൈകിയതും ജൂണ്‍ മാസം വാഹന വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടാക്കിയെന്ന് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനുകളുടെ ഫെഡറേഷന്‍ (എഫ്എഡിഎ-ഫാഡ) പുറത്തിറക്കിയ വാഹന രജിസ്ട്രേഷന്‍ റിപ്പോര്‍ട്ട്.

വാഹനങ്ങളെ കുറിച്ചുള്ള അന്വേഷണം സജീവമായിരുന്നെങ്കിലും വില്‍പ്പനയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും എല്ലാം വാഹന വിഭാഗങ്ങളിലും വാങ്ങല്‍ മാറ്റിവെച്ചിരിക്കുകയാണെന്നാണ് കരുതുന്നതെന്നുമാണ് ഫാഡ പ്രസിഡന്റ് ആഷിഷ് ഹര്‍ഷരാജ് കാലെ അഭിപ്രായപ്പെടുന്നത്. 

മൊത്തം വാഹനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2,93,905 വാഹനങ്ങളാണ് ഇവിടെ ഇറങ്ങിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 1,56,716 വാഹനങ്ങളും തമിഴ്‌നാട്ടില്‍ 1,49,698 വാഹനങ്ങളും എത്തിയതായാണ് റിപ്പോര്‍ട്ട്.

സ്വകാര്യ വാഹനങ്ങളിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലും ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. 30,358 സ്വകാര്യ വാഹനങ്ങളും 2,55,812 ടൂവീലറുകളും 7735 ത്രീ വീലറുകളുമാണ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ 24,806 സ്വകാര്യ വാഹനങ്ങളും 1,18,453 ടൂ വീലറുകളും 7,285 ത്രീ വീലറുകളും റജിസ്റ്റര്‍ ചെയ്തു.  കര്‍ണാടകയില്‍ 18,288 സ്വകാര്യ വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.   

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ തമിഴ്നാടാണ് മുന്നില്‍. 6500 വാഹനങ്ങളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തത്.  മഹാരാഷ്ട്രയില്‍ 6172 എണ്ണവും കര്‍ണാടകയില്‍ 4633 എണ്ണവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ആര്‍ടി ഓഫീസുകള്‍ കഴിഞ്ഞ മാസം വാഹന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതിനാല്‍ ഇവിടുത്തെ കണക്കുകള്‍ ലഭ്യമായിട്ടില്ല. 

വാഹന നിര്‍മാതാക്കളില്‍ നിന്ന് ഡീലര്‍മാരിലേക്ക് വാഹനം എത്തിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ ഉത്പാദനവും കുറവായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടിയില്‍ ഇളവ് വരുത്തുന്നതിനൊപ്പം ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയും ശരാശരി കാലവര്‍ഷം ലഭ്യമാക്കുകയും ചെയ്താല്‍ ഓഗസ്റ്റ് മാസം അവസാനത്തോടെ വാഹന വിപണിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. 

വാഹന വിപണിയിലെ നിലവിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍, ഇന്ത്യയിലെ റോഡ് നെറ്റുവര്‍ക്കുകള്‍ രാജ്യത്തിന്റെ മുക്കിലേക്കും മൂലയിലേക്കും വികസിക്കുന്നതും  അടിസ്ഥാന സൗകര്യങ്ങളില്‍ പുരോഗതിയുണ്ടാകുന്നതും വാഹന മേഖലയ്ക്ക് കുതിപ്പേകുമെന്നാണ് ഫാഡ അഭിപ്രായപ്പെടുന്നത്.

Content Highlights: Federation Of Automobile Dealers Association (FADA) Publish June Month Sales Report.