സ്‌ഫോടനങ്ങള്‍ നടത്താന്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനമുള്ള ഡ്രൈവറില്ലാ കാര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് ചാനലായ 'സ്‌കൈ ന്യൂസ്' പുറത്തുവിട്ട ദ്യശ്യങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 

വായൂ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ചുവേറ്ററുകളാണ് കാറിന്റെ ത്രോട്ടിലും ബ്രേക്ക് പെഡലുകളും സ്റ്റിയറിങ് വീലും നിയന്ത്രിക്കുന്നത്. റിമോട്ട് കണ്‍ട്രോളിലൂടെ ദൂരെ നിന്ന് വാഹനം പ്രവര്‍ത്തിപ്പിക്കാം. 

കാറില്‍ ഡ്രൈവറില്ല എന്നു സംശയം തോന്നാതിരിക്കാന്‍, വയറുകള്‍ ചുറ്റിയുണ്ടാക്കിയ മനുഷ്യരൂപവും ഡ്രൈവിങ് സീറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ കെട്ടിടങ്ങളില്‍ ഉപയോഗിച്ചുവരുന്ന സ്‌കാനിങ് ഉപകരണങ്ങളെ മറികടക്കാനായി, തെര്‍മോസ്റ്റാറ്റ് സങ്കേതവും ഉപയോഗിക്കുന്നു. ചാവേര്‍ ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് ഐ.എസ് ഡ്രൈവറില്ലാ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2

സിറിയയിലെ റാഖ നഗരത്തിലാണ് ഐ.എസിന്റെ 'സാങ്കേതിക സങ്കേതം' സ്ഥിതി ചെയ്യുന്നത്. ടുണീഷ്യ, ഈജിപ്ത്, പാകിസ്താന്‍, സുദാന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദഗ്ധരാണ് ഇവിടെ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുന്നത്. 'ഫ്രീ സിറിയന്‍ ആര്‍മി' പിടികൂടിയ ഒരു ഐഎസ് പരിശീലകനില്‍ നിന്ന് ലഭിച്ച വീഡിയോ, പിന്നീട് 'സ്‌കൈ ന്യൂസി'ന്റെ പക്കല്‍ എത്തിച്ചേരുകയായിരുന്നു.