ന്ത്യയിലെ നിരത്തുകളില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനും, ഈ പ്രദേശങ്ങളിലെ അപകട സാധ്യത പരിഹരിക്കുന്നതിനും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ (ഐ.ആര്‍.എഫ്) കത്ത്.

ലോകമെമ്പാടും മികച്ചതും സുരക്ഷിതവുമായ റോഡുകള്‍ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍. ഇന്ത്യയിലെ റോഡുകളില്‍ വര്‍ധിച്ച് വരുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സയന്റിഫിക് കമ്മിറ്റി ഏതാനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാണ് ഐ.ആര്‍.എഫ്. ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ത്യയിലെ റോഡുകളില്‍ നിന്ന് ബ്ലാക്ക് സ്‌പോട്ട്, ഗ്രേ സ്‌പോട്ട് എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ രാജ്യത്തെ വാഹനാപകടങ്ങളില്‍ വലിയ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇതുവരെ ഇത്തരം അപകട മേഖലകള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് കത്തിന്റെ ഉള്ളടക്കം.

റോഡുകളിലെ ബ്ലാക്ക് സ്‌പോട്ട്/ ഗ്രേ സ്‌പോട്ടുകള്‍ ഹൃസ്വകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ ഒഴിവാക്കുന്നതിനായി ഇതുവരെ സമര്‍പ്പിച്ചിട്ടുള്ള എല്ലാ പരിഹാര നിര്‍ദേശങ്ങളും ശാസ്ത്രീയമായ അടിത്തറ ഇല്ലാത്തതാണെന്നാണ് ഐ.ആര്‍.എഫിന്റെ നിരീക്ഷണം. നിലവില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളെല്ലാം തന്നെ താത്കാലികമായി മാത്രം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നവയാണെന്നും ഈ സമിതി വിലയിരുത്തുന്നു.

2015-ലാണ് അവസാനമായി സര്‍ക്കാരിന്റെ ബ്ലാക്ക് സ്‌പോട്ട് പ്രോഗ്രാം നാഷണല്‍ ഹൈവേയുടെ മേല്‍നോട്ടത്തില്‍ നടത്തിയത്. എന്നാല്‍, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം റോഡിലെ അപകടങ്ങള്‍ക്ക് കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. ബ്ലാക്ക്‌സ്‌പോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കുന്ന താത്കാലിക നടപടികളാണ് അപകടം കുറയാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Source: India Times

Content Highlights: IRF Suggest To Central Government To Identify 'Blackspots' On Indian Roads