പുതിയ സ്വകാര്യ കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പോളിസി വേണമെന്ന നിര്‍ദേശം ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്പമെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) പിന്‍വലിച്ചു. പകരം പഴയ രീതിയില്‍ ഓരോ വര്‍ഷത്തേക്കുമുള്ള പോളിസി എടുത്താല്‍ മതി. ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും. അതുവരെ നിലവിലെ രീതി തുടരും.

പുതിയവാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ നടപടി. മൂന്നും അഞ്ചും വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് തുക ഒന്നിച്ചടയ്ക്കുന്നത് പുതിയവാഹനം വാങ്ങുന്നവര്‍ക്ക് വലിയ ബാധ്യതയാണ്. വാഹന വായ്പയില്‍ ഈ തുകയും ഉള്‍പ്പെടുത്തിയാല്‍ ബാധ്യത ഇരട്ടിക്കും. അപകടമുണ്ടാക്കാത്ത വാഹനങ്ങള്‍ക്ക് വര്‍ഷാവര്‍ഷം അപകടരഹിത ബോണസ് ലഭിക്കേണ്ടതുണ്ട്. 

ദീര്‍ഘകാല പോളിസി എടുക്കുമ്പോള്‍ ഇതിനുള്ള അവസരം നഷ്ടമാകും. സേവനം മേശമാണെങ്കിലും ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ത്തന്നെ തുടരാന്‍ വാഹന ഉടമ നിര്‍ബന്ധിതരാകുമെന്ന പ്രശ്നവുമുണ്ട്. എല്ലാവര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുമെങ്കിലും ദീര്‍ഘകാല പോളിസികളില്‍നിന്ന് ഈ ഇനത്തിലെ വരുമാനം കമ്പനികള്‍ക്ക് ലഭിക്കില്ലെന്ന പരാതി ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 2018 സെപ്റ്റംബര്‍ ഒന്നു മുതലാണ് പുതിയ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ദീര്‍ഘകാല പോളിസി നടപ്പാക്കിയത്. വാഹനം നിമിത്തം മറ്റുള്ളവരുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള തേര്‍ഡ് പാര്‍ട്ടി പോളിസിയും വാഹനത്തിനും യാത്രക്കാര്‍ക്കും നഷ്ടപരിഹാരം കിട്ടുന്നതിനുള്ള പാക്കേജ് പോളിസിയും ഒന്നിച്ചെടുക്കണമായിരുന്നു. 

ഉടമകള്‍ക്ക് ഇത് വലിയ ബാധ്യതയായതിനാല്‍ രണ്ട് പോളിസികളും പ്രത്യേകം എടുക്കാനുള്ള സൗകര്യം കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ അനുവദിച്ചിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് മുന്‍പ് നിലവിലുണ്ടായിരുന്നതുപോലെ ഓരോ വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനുള്ള സൗകര്യം പുനഃസ്ഥാപിച്ചിരിക്കുന്നത്.

Content Highlights: IRDAI Withdraw Three And Five Year Insurance Policy For Two Wheeler and Four Wheeler