ചെന്നൈ: ദക്ഷിണേന്ത്യയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) ആരംഭിച്ചു. ചെന്നൈ-മധുര റൂട്ടില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ തേജസ് സര്‍വീസ് ഓടിക്കാനുള്ള സാധ്യതകളാണ് ആരായുന്നത്. ദക്ഷിണേന്ത്യയില്‍ തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കാനും സാധ്യതാ പഠനം നടത്തുമെന്ന് ഐ.ആര്‍.സി.ടി.സി. വൃത്തങ്ങള്‍ അറിയിച്ചു.

വടക്കേയിന്ത്യയില്‍ ഡല്‍ഹി-ലഖ്‌നൗ, ഗാന്ധിനഗര്‍-മുംബൈ റൂട്ടില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം നടത്തിവരികയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ യാത്രസൗകര്യം എര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നത്. റെയില്‍വേ സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 2014-ല്‍ കേന്ദ്ര സര്‍ക്കാര്‍ ബിബേക് ദേബ്റോയിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇവര്‍ 2015 മാര്‍ച്ചില്‍ സമര്‍പ്പിച്ച പത്ത് ശുപാര്‍ശകളിലൊന്നാണ് സ്വകാര്യ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുകയെന്നത്.

യാത്രികര്‍ക്ക് വേഗത്തിലും സുരക്ഷിതവുമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്നതരത്തില്‍ റെയില്‍വേ നവീകരിക്കണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. തുടക്കമെന്ന നിലയിലാണ് ഇവ ആരംഭിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് ഐ.ആര്‍.സി.ടി.സി. കോച്ചുകള്‍ ഒരുവര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കും. ചെന്നൈ-മധുര റൂട്ടിലാണ് അടുത്ത പഠനം നടത്തുക. തുടര്‍ന്ന് ഹൗറ-പുരി റൂട്ടിലാവും പഠനം. അടുത്ത ഘട്ടത്തില്‍ ഡല്‍ഹി-ചണ്ഡീഗഢ്, മുംബൈ-ഷിര്‍ദി, തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സ്വകാര്യ സര്‍വീസിനുള്ള സാധ്യതകള്‍ ആരായും.

പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പരമാവധി 500 കിലോമീറ്റര്‍ പരിധിയിലാണ് സ്വകാര്യ തീവണ്ടികള്‍ ഓടിക്കുക. നിലവില്‍ മുംബൈ-ലഖ്‌നൗ, ചെന്നൈ-മധുര റൂട്ടുകളില്‍ തേജസ് തീവണ്ടികള്‍ ഓടിക്കുന്നുണ്ട്.. 

Content Highlights; IRCTC started feasibility study for private train service, Private train service in india, IRCTC, Thejas train service, Private train, Indian railway private train