സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. താത്കാലിക രജിസ്ട്രേഷന്‍ കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം മോഷണം പോവുകയും ചെയ്ത സംഭവത്തിലാണ് വിധി.

രാജസ്ഥാന്‍ സ്വദേശിയായ സുശീല്‍ കുമാര്‍ പഞ്ചാബില്‍നിന്ന് പുതിയ 'ബൊലേറോ' വാഹനം വാങ്ങിയപ്പോള്‍ 2011 ജൂണ്‍ 20 മുതല്‍ ഒരു മാസത്തേക്കുള്ള താത്കാലിക രജിസ്ട്രേഷനാണ് ലഭിച്ചത്. അടുത്ത മാസം 19-ന് താത്കാലിക രജിസ്ട്രേഷന്റെ കാലാവധി അവസാനിക്കുകയും 28-ന് രാത്രി വാഹനം മോഷണം പോവുകയും ചെയ്തു. ബിസിനസ് ആവശ്യത്തിനായി രാജസ്ഥാനിലെ ജോധ്പുരിലേക്ക് പോയപ്പോള്‍ അവിടെവെച്ചാണ് വാഹനം മോഷ്ടിക്കപ്പെട്ടത്.

വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തുകയായ 6,17,800 രൂപയും ഒമ്പതു ശതമാനം പലിശയും നല്‍കണമെന്നാണ് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചത്. ദേശീയ ഉപഭോക്തൃ കമ്മിഷന്‍ അത് ശരിവെച്ചതിനെതിരേ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നിര്‍ത്തിയിട്ട വാഹനമാണ് മോഷണം പോയതെന്നതിനാല്‍ സാധുവായ രജിസ്ട്രേഷനില്ലെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന വാദം സുപ്രീം കോടതി തള്ളി. രജിസ്ട്രേഷനില്ലാത്ത വാഹനം റോഡിലിറക്കിയെന്നു മാത്രമല്ല, അത് മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 

താത്കാലിക രജിസ്ട്രേഷന്‍ അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് ഉടമ അപേക്ഷിച്ചിട്ടില്ലെന്നും ബെഞ്ച് പറഞ്ഞു. മോഷണം നടന്ന ദിവസം രജിസ്ട്രേഷനില്ലാത്ത വാഹനം ഉപയോഗിച്ചത് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാറിന്റെ ലംഘനമാണ്. അതിനാല്‍ ദേശീയ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Content Highlights: Invalid Registration Number, Insurance Police, Temporary Registration, Supreme Court