മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്ക് കം ഡ്രൈവര്‍ കോച്ചിങ് സെന്റര്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. പദ്ധതിക്ക് 35.42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മലപ്പുറത്ത് 30 ഏക്കര്‍ സ്ഥലത്താണ് പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ടെസ്റ്റിങ് സെന്റര്‍ നിര്‍മിക്കുക.
2017 സെപ്തംബറില്‍ കേരള സന്ദര്‍ശനത്തിനെത്തിയ എമിറേറ്റ്സ് ഓഫ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി നടത്തിയ ചര്‍ച്ചയില്‍ ഷാര്‍ജയിലെ നിയമവ്യവസ്ഥയ്ക്കും അന്തര്‍ദേശീയ നിലവാരത്തിലും കേരളത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിങ് കോച്ചിങ് സെന്റര്‍ ആരംഭിക്കാന്‍ ധാരണയായിരുന്നു.
വകുപ്പ് നടത്തിയ പഠനത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് അനായാസമായി ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന തരത്തിലുള്ള പരിശീലനം നല്കാന് തീരുമാനിക്കുകയായിരുന്നു.
പുതിയ സെന്ററില്‍ തിയറി, ട്രെയിനിങ് ക്ലാസ് റൂമുകള്‍, ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ട്രാക്ക്, അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിനായി വാഹന യാര്‍ഡ്, ഗ്യാരേജ് പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ് തുടങ്ങിയവ നിര്‍മിക്കും.
ടെസ്റ്റിങ് സെന്ററിനായി അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികള്‍ സജ്ജീകരിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.ഡി.ടി.ആര്.) നിലവിലുള്ള സംവിധാനം പരിഷ്ക്കരിക്കും. ട്രാക്ക്, യാര്‍ഡ്, റോഡ് ടെസ്റ്റ് എന്നിവ നടത്തുന്നതിനായി ഇന്‍കെലിന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ സ്ഥലമാണ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
ഗവണ്മെന്റ് ഓഫ് എമിറേറ്റ്സ് ഷാര്‍ജയുടെ സഹായത്തോടെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് ലൈസന്‍സ് ഇവിടെ പരിശീലനം നേടുന്നവര്‍ക്ക് നല്‍കുന്നതിനും, ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന് കണ്‍സള്‍ട്ടന്റ്സ്, നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്, മറ്റ് വിദേശ തൊഴില്‍ ദാതാക്കള്‍ തുടങ്ങിയവ മുഖാന്തരം ജോലി ലഭിക്കുന്നതിനുള്ള റിക്രൂട്ടിങ് സഹായം നല്‍കാനും പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് സെന്റര്‍ വഴി സാധിക്കുമെന്ന് കരുതുന്നു.
കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് ഉള്ള മറ്റ് രാജ്യങ്ങളിലേക്കും ഡ്രൈവിങ് ജോലിതേടി പോകുന്നവര്‍ക്ക് അവിടത്തെ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നതിന് വളരെ പ്രയാസമനുഭവിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ടെസ്റ്റിങ് സെന്റര്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു.
Content Highlights: International Standard High Teach Driving Test Center In Malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..